വർഷങ്ങൾ നീണ്ട കാത്തിരിപ്പ് സമ്മാനിച്ച് ഒടുവിൽ ടൊയോട്ടയുടെ ഇലക്ട്രിക് SUV നിരത്തിലേക്ക് എത്തുന്നു.2025-ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ തന്നെ ടൊയോട്ടയുടെ ഇലക്ട്രിക് വാഹനത്തിന്റെ കൺസെപ്റ്റ് മോഡൽ പ്രദർശനത്തിന് എത്തിയിരുന്നു. ഈ മോഡലിന്റെ അവതരണത്തിന്റെ സുചന നൽകുന്ന ടീസർ ക്യാംപയിനാണ് ഇപ്പോൾ ടൊയോട്ട ആരംഭിച്ചിരിക്കുന്നത്. ടൊയോട്ട അർബൻ ക്രൂയിസർ ഇവി എന്ന പേരിലായിരിക്കും ഈ വാഹനം എത്തുകയെന്ന് മുമ്പുതന്നെ നിർമാതാക്കൾ സൂചന നൽകിയിരുന്നു. ഈ വാഹനത്തിന്റെ എക്സ്റ്റീരിയർ ഡീസൈൻ സൂചന നൽകുന്ന ടീസറാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
കൺസെപ്റ്റ് മോഡലിനോട് ചേർന്ന് നിൽക്കുന്ന രൂപത്തിലാണ് പ്രൊഡക്ഷൻ പതിപ്പും എത്തുകയെന്നാണ് ടീസർ നൽകുന്ന സൂചന. എൽ.ഇ.ഡിയിൽ തീർത്തിരിക്കുന്ന വീതി കുറഞ്ഞ ഹെഡ്ലാമ്പ്, സ്റ്റഡുകളായി നൽകിയിട്ടുള്ള ഡി.ആർ.എൽ, ബോണറ്റിൽ പതിപ്പിച്ചിരിക്കുന്ന ടൊയോട്ട ലോഗോ എന്നിവയാണ് ടീസർ ചിത്രത്തിലെ വാഹനത്തിന്റെ മുന്നിൽ കാണുന്നത്. കൺസെപ്റ്റ് മോഡലിൽ ബമ്പറിന്റെ താഴെയായി വലിയ എയർ ഇൻടേക്കും വശങ്ങളിലെ എയർ കർട്ടണുകളും നൽകിയിരുന്നു.
മുന്നിലെ ഫെൻഡറിലായിരിക്കും ചാർജിങ് സ്ലോട്ട് നൽകുക. ഇതിൽ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ എന്ന ബാഡ്ജിങ്ങും നൽകിയിട്ടുണ്ട്. കൺസെപ്റ്റ് മോഡലിൽ 18 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് നൽകിയിരുന്നത്. വീൽ ആർച്ച്, ഡോർ ക്ലാഡിങ് എന്നിവയും വശങ്ങളിൽ നൽകിയിരുന്നു. സ്മോഗ്ഡ് എഫക്ട് നൽകിയ എൽഇഡി ലൈറ്റുകളായിരുന്നു കൺസെപ്റ്റ് മോഡലിലെ ടെയ്ൽലാമ്പ്. എന്നാൽ ടീസർ ചിത്രത്തിൽ റിയർ പ്രൊഫൈൽ വെളിപ്പെടുത്തിയിട്ടില്ല.
അർബൻ ക്രൂയിസർ ഇ.വി. എന്ന പേരിലായിരിക്കും ടൊയോട്ടയുടെ ഇലക്ട്രിക് മോഡൽ ഒരുങ്ങുന്നത്. ഡിസൈനിൽ സുസുക്കി-ടൊയോട്ട ഇലക്ട്രിക് മോഡലുകൾ തികച്ചും വ്യത്യസ്തരാണെങ്കിലും മെക്കാനിക്കൽ ഫീച്ചറുകൾ ഉൾപ്പെടെയുള്ളവ ഇ-വിത്താരയും അർബൻ ക്രൂയിസർ ഇ.വിയും പങ്കിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്കായിരിക്കും ടൊയോട്ടയുടെ ഇലക്ട്രിക് മോഡലും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇ-വിത്താരയിൽ നൽകുന്ന 49 കിലോവാട്ട്, 61 കിലോവാട്ട് ശേഷിയിലുള്ള രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ തന്നെയായിരിക്കും അർബൻ ക്രൂയിസർ ഇ.വിയും എത്തുക. എൽ.എഫ്.പി.(ലിഥിയം അയേൺ ഫോസ്‌ഫേറ്റ്) ബ്ലേഡ് ബാറ്ററിയാണ് ഇതിൽ നൽകുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് മോഡലിന് 500 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കും. എന്നാൽ, 49 കിലോവാട്ട് ബാറ്ററി പാക്ക് 400 കിലോമീറ്ററിൽ അധികം റേഞ്ചും നൽകിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷൻ അർബൺ ക്രൂയിസർ ഇ.വി. 144 ബി.എച്ച്.പി. പവറും 189 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്ന സിംഗിൾ മോട്ടോറാണ് നൽകുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റിൽ 174 ബി.എച്ച്.പി. പവറും 189 എൻ.എം. ടോർക്കുമേകുന്ന മോട്ടോറും കരുത്തേകും.