കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്ത മാസത്തോടെ എത്തുമെന്ന് ആവർത്തിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനം സ്വന്തമാക്കിയ വിവരം അറിയിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ബസുകൾ എത്തി തൊട്ടടുത്ത ദിവസം മുതൽ ഓടിത്തുടങ്ങുമെന്നാണ് അദ്ദേഹം ഉറപ്പുനൽകിയിരിക്കുന്നത്.
വോൾവോയുടെ രണ്ട് ബസുകളാണ് ബിസിനസ് ക്ലാസ് ബസായി എത്തുന്നത്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയാണ് ഈ ബസുകൾ ഓടുന്നതെങ്കിലും റോഡ് നിർമാണം പുരോഗമിക്കുന്നത് കണക്കിലെടുത്ത് ആദ്യഘട്ടത്തിൽ എറണാകുളം വരെയായിരിക്കും സർവീസ് നടത്തുകയെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് എല്ലാ സീറ്റിലും യാത്രക്കാർ ഉണ്ടെങ്കിൽ പിന്നെ എറണാകുളത്ത് മാത്രമായിരിക്കും ഈ ബസ് നിർത്തുക. ഇല്ലെങ്കിൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ ഓരോ സ്റ്റോപ്പ് അനുവദിക്കും.
35 സീറ്റുകളായിരിക്കും ഇതിൽ നൽകുക. എല്ലാ സീറ്റിലും പ്രത്യേകം സ്ക്രീൻ, ഹെഡ്ഫോൺ, ചായ ഉൾപ്പെടെയുള്ള ലഘുഭക്ഷണം, ടോയ്‌ലറ്റ്, പാൻട്രി തുടങ്ങിയ സംവിധാനങ്ങൾ ബസിനുള്ളിൽ ഒരുക്കും. ഓരോ ജില്ലകളിലും ഒരു സ്‌റ്റോപ്പ് എന്ന രീതിയിലായിരിക്കും ഇത് നിർത്തുക.ദേശീയപാത വികസനം പൂർത്തിയാകുന്ന മുറയ്ക്ക്, തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന ആധുനിക 'ബിസിനസ് ക്ലാസ്' ബസ് സർവീസ് ആരംഭിക്കും. ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളിൽ ഒരു പുതിയ അധ്യായം തുറക്കുമെന്നുറപ്പാണെന്നാണ് മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.
എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകൾ നിരത്തിലിറങ്ങുക. ബസിൽ ഓരോരുത്തർക്കും വ്യക്തിഗത ടിവി, ചാർജിങ് സൗകര്യം, വൈഫെ എന്നിവയുണ്ടാകും. യാത്രക്കാരുടെ സഹായത്തിനായി ഡ്രൈവർക്ക് പുറമെ ഒരു 'ബസ് ഹോസ്റ്റസും' ഉണ്ടാകും. ലോകോത്തര നിലവാരം ഉറപ്പാക്കാൻ സീറ്റുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമെന്നും മന്ത്രി പങ്കുവെച്ച കുറിപ്പിൽ അറിയിച്ചിരുന്നു.