വിജയ്‌യുടെ അവസാന സിനിമയെന്ന പേരിൽ ശ്രദ്ധേയമായ 'ജനനായകന്റെ' റിലീസ് പ്രതിസന്ധിയിൽ. സെൻസർ സർട്ടിഫിക്കറ്റിനു വേണ്ടി നിർമാതാക്കൾ നൽകിയ ഹർജിയിൽ വിധി 9നു രാവിലെയെന്നു മദ്രാസ് ഹൈക്കോടതി. ചിത്രം റിലീസാവാനിരിക്കുന്നതും അതേ ദിവസമാണ്.
സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികൾ ലഭിച്ചതിനാൽ ചിത്രം വീണ്ടും കാണാൻ റിവൈസിങ് കമ്മിറ്റിക്കു കൈമാറിയെന്ന ബോർഡിന്റെ വിശദീകരണത്തെ തുടർന്നു കേസ് ഇന്നത്തേക്കു മാറ്റുകയായിരുന്നു.
അനാവശ്യ കാലതാമസം വരുത്തുന്നതിലൂടെ കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്നു നിർമാതാക്കൾ കോടതിയെ അറിയിച്ചു.500 കോടി രൂപ ചെലവിൽ നിർമിച്ച ചിത്രം 5000 തിയറ്ററുകളിൽ റിലീസ് ചെയ്യാനാണു നീക്കം.