Drisya TV | Malayalam News

വിഷവസ്തുവിന്റെ സാന്നിധ്യം : കു​ഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്‌ലെ

 Web Desk    7 Jan 2026

ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമായേക്കാവുന്ന വിഷവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ യൂറോപ്പിലുടനീളം കു​ഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്‌ലെ. ഡിസംബർ മുതലാണ് തിരിച്ചുവിളിക്കാൻ തുടങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്രാന്‍സ്, ജര്‍മനി, ആസ്ട്രിയ, ഡെന്മാര്‍ക്ക്, ഇറ്റലി, സ്വീഡന്‍ എന്നിവിടങ്ങളിൽ നിന്നാണ് ഉത്പന്നങ്ങൾ പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എന്നാൽ ഗുണനിലവാര പ്രശ്നം കണ്ടെത്തിയതിനെത്തുടർന്നാണ് നെസ്‌ലെ ഉത്പന്നങ്ങൾ പരിശോധനക്ക് വിധേയമാക്കിയതെന്ന് നെസ്‌ലെ സിഇഒ ഫിലിപ്പ് നവരാറ്റിൽ പറഞ്ഞു. കിറ്റ്കാറ്റ് മുതൽ നെസ്‌കഫെ വരെയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് നെസ്‌ലെ. ഈ ഉൽപ്പന്നങ്ങൾക്ക് വിഷവസ്തുവിന്റെ സാന്നിധ്യം മൂലം തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളുമായി ബന്ധമില്ലെന്നും നെസ്‌ലെ അറിയിച്ചു. ഒരു പ്രമുഖ വിതരണക്കാരിൽ നിന്നുള്ള ഒരു ചേരുവയിൽ ഗുണനിലവാര പ്രശ്‌നം കണ്ടെത്തിയതിനെത്തുടർന്നാണ് നെസ്‌ലെ ഉത്പന്നങ്ങൾ പരിശോധനക്ക് വിധേയമാക്കിയതെന്ന് നെസ്‌ലെ വക്താവ് പറഞ്ഞു.

കു​ഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവയിൽ ബാസിലസ് സെറിയസ് ബാക്ടീരിയയുടെ ചില വകഭേദങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവായ സെറ്യൂലൈഡിന്റെ സാന്നിധ്യം കണ്ടെത്തി. ഇവയടങ്ങിയവ കഴിച്ചാൽ കുട്ടികൾക്ക് ഓക്കാനം, ഛർദ്ദി എന്നിവയുണ്ടാകാൻ കാരണമാകും. പാചകം ചെയ്യുന്നതിലൂടെയോ, തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചോ, കുഞ്ഞുങ്ങൾക്ക് പാൽ ഉണ്ടാക്കുന്നതിലൂടെയോ ഈ വിഷവസ്തു നിർവീര്യമാക്കാനോ നശിപ്പിക്കാനോ സാധ്യതയി​ല്ലെന്ന് ബ്രിട്ടണിലെ ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസി പറഞ്ഞു.എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് നോർവേയിലെ ഭക്ഷ്യ സുരക്ഷാ ഏജൻസി അറിയിച്ചു.

അതേസമയം കുട്ടികളുടെ ആരോഗ്യത്തിനും സൗഖ്യത്തിനുമാണ് തങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്ന് ഉത്പ്പന്നങ്ങൾ പിൻവലിച്ചുകൊണ്ടുള്ള കുറിപ്പില്‍ നെസ്‌ലെ വ്യക്തമാക്കി. നെസ്‌ലെ ബേബി ഫോര്‍മുല കഴിച്ചുകൊണ്ട് ഇതുവരെ കുഞ്ഞുങ്ങള്‍ക്കാര്‍ക്കും അസുഖമോ അസ്വസ്ഥതയോ ഉണ്ടായിട്ടില്ലെന്നും ജാഗ്രത മുന്‍നിര്‍ത്തിക്കൊണ്ടാണ് നിലവിലെ തീരുമാനമെന്നും കമ്പനി അറിയിച്ചു. എന്നാൽ ഇവ നേരത്തെ വാങ്ങിവെച്ചവരുണ്ടെങ്കില്‍ ഇനി കുഞ്ഞുങ്ങള്‍ക്ക് നല്‍കരുതെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News