ജപ്പാനിലെ പ്രശസ്തമായ ടൊയോസു മത്സ്യ മാർക്കറ്റിൽ നടന്ന പരമ്പരാഗതമായ ആദ്യ ലേലത്തിൽ ഒരു ബ്ലൂഫിൻ ട്യൂണ മത്സ്യം 510 ദശലക്ഷം യെൻ (ഏകദേശം 32 കോടി രൂപ) ന് വിറ്റു. മത്സ്യത്തെ ചുമന്ന് കൊണ്ട് പോകാൻ നാല് പേർ വേണ്ടിവന്നു. വാർഷിക ട്യൂണ ലേലത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിലയ്ക്കാണ് മത്സ്യം വിറ്റത്. 243 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്യൂണയെ, പ്രശസ്തമായ സുഷിസൻമായി സുഷി റെസ്റ്റോറന്‍റ് ശൃംഖലയുടെ മാതൃ കമ്പനിയായ കിയോമുറ കോർപ്പറേഷനാണ് വാങ്ങിയത്.
റെക്കോർഡ് ഭേദിച്ച ലേലം വരാനിരിക്കുന്ന വർഷത്തെ ആഘോഷവും ശുഭാപ്തിവിശ്വാസത്തിന്‍റെ സന്ദേശവുമാണെന്ന് ലേലത്തിന് നേതൃത്വം നൽകിയ കിയോഷി കിമുറ പറഞ്ഞു, അന്തിമ വില കേട്ട് താൻ പോലും ഞെട്ടിപ്പോയെന്നാണ് അദ്ദേഹം വില്പനയെ കുറിച്ച് പറഞ്ഞത്. വില ഏകദേശം 300 മുതൽ 400 ദശലക്ഷം യെൻ വരെ ആയിരിക്കുമെന്നാണ് താൻ കരുതിയതെന്നും എന്നാൽ ഇത് 500 ദശലക്ഷത്തിനും മുകളിലെത്തിയെന്നും കിയോഷി കിമുറ പറഞ്ഞു. 2019 -ൽ ബ്ലൂഫിൻ ട്യൂണയ്ക്ക് ലഭിച്ച 333.6 ദശലക്ഷം യെന്നാണ് ഇതോടെ പഴങ്കഥയായത്.