ഇന്ത്യൻ നിരത്തുകളിൽ നിറഞ്ഞ് നിൽക്കുന്ന ക്രെറ്റ വാഹനത്തിന് 2025 ഏറ്റവും നല്ല വർഷമായിരുന്നു. ഈ കഴിഞ്ഞുപോയ വർഷം മാത്രം ക്രെറ്റയുടെ രണ്ടുലക്ഷം യൂണിറ്റാണ് ഹ്യുണ്ടായി വിറ്റഴിച്ചിരിക്കുന്നത്. ക്രെറ്റയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക വിൽപ്പനയാണ് 2025 കലണ്ടർ വർഷത്തിൽ ലഭിച്ചിരിക്കുന്നതെന്നാണ് ഹ്യുണ്ടായി ഇന്ത്യ അറിയിച്ചിരിക്കുന്നത്.
സെഡാൻ, ഹാച്ച്ബാക്ക് എന്നീ ശ്രേണിയിലെ വാഹനങ്ങൾ ഒരു വർഷം രണ്ടുലക്ഷം യൂണിറ്റിന്റെ വിൽപ്പന കൈവരിക്കുന്നത് വളരെ സാധാരണമാണ്. എന്നാൽ, മിഡ് സൈസ് എസ്യുവി സെഗ്മെന്റിലെ ഒരു വാഹനം ഈ നേട്ടം കൈവരിക്കുന്ന അത്യപൂർവ്വമാണെന്നാണ് ഹ്യുണ്ടായി ഇന്ത്യ അഭിപ്രായപ്പെടുന്നത്. 2025-ലെ ക്രെറ്റയുടെ വിൽപ്പനയിൽ 44 ശതമാനവും ഡീസൽ എൻജിന് മോഡലിനാണെന്നതും ശ്രദ്ധേയമാണ്. 32 ശതമാനം ക്രൈറ്റ ഉടമകളും ആദ്യമായി കാർ സ്വന്തമാക്കുന്നവരുമാണ്.
"ഹ്യുണ്ടായി ക്രെറ്റയുടെ ഇന്ത്യൻ വിപണിയിലെ യാത്ര അസാധാരണമായ ഒന്നാണ്. രണ്ടുലക്ഷം യൂണിറ്റിന്റെ വിൽപ്പന എന്നത് ഏറെ അഭിമാനം നൽകുന്നതാണ്. ക്രെറ്റയുടെ നേട്ടം ഇതാദ്യമല്ല. 2020 മുതൽ 25 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിച്ചിട്ടുള്ള എസ്യുവിയുടെ ക്രെറ്റയാണ്. നിരത്തുകളിൽ എത്തി പത്ത് വർഷത്തിനുള്ളിൽ വിശ്വാസ്യതയുള്ള എസ്യുവിയായി മാറാൻ ക്രെറ്റയ്ക്ക് സാധിച്ചിട്ടുണ്ട് ’- ഹ്യുണ്ടായി ഇന്ത്യ മാനേജിങ് ഡയറക്‌ടർ തരുൺ ഗാർഗ് അഭിപ്രായപ്പെട്ടു.