വിജയ് നായകനാകുന്ന ജനനായകന്‍ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായി. ഒന്‍പതിന് തിയറ്ററുകളിലെത്താനിരിക്കെ, ചിത്രത്തിന് ഇതുവരെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇതോടെ നിര്‍മാതാക്കള്‍ നിയമനടപടിയിലേക്ക് നീങ്ങി. കെവിഎന്‍ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം ഒരു മാസം മുന്‍പേ തന്നെ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. ഡിസംബര്‍ 19ന് ബോര്‍ഡ് ചിത്രം കണ്ടതിനു ശേഷം പത്തോളം കട്ടുകള്‍ നിര്‍ദേശിച്ചിരുന്നു. ആവശ്യപ്പെട്ട തിരുത്തലുകള്‍ ഉള്‍പ്പെടുത്തി ചിത്രം വീണ്ടും സമര്‍പ്പിച്ചെങ്കിലും, പിന്നീട് ബോര്‍ഡ് ചിത്രം കണ്ടിട്ടില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന്റെ കാരണം വ്യക്തമല്ല.
രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായി വിജയിന്റെ അവസാന ചിത്രമെന്ന നിലയിലാണ് ജനനായകന്‍ ആരാധകര്‍ കാണുന്നത്. വിടവാങ്ങല്‍ ചിത്രമായതിനാല്‍ ചെന്നൈ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി തന്നെ വിറ്റു തീര്‍ന്നിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ റിലീസിനായി കാത്തിരിക്കുന്നത്. ഇതിനിടെയാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് ചിത്രത്തിന്റെ റിലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതിനെതിരെ തമിഴക വെട്രി കഴകം പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.