ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രണ്ട് പേർ മരിച്ചത് അണുബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക റിപ്പോർട്ട് ഡിഎംഓ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. അണുബാധയുടെ ഉറവിടം കണ്ടെത്താനുള്ള വിദഗ്ദ സംഘത്തിന്റെ പരിശോധന തുടരുകയാണ്.ഡിസംബർ 29നാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിനിടെ രണ്ട് പേർ മരിച്ചത്. ചികിത്സക്ക് ശേഷമുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. ഇതേതുടർന്നാണ് ആരോഗ്യ വകുപ്പ് സമഗ്ര പരിശോധനക്ക് ഉത്തരവിട്ടത്.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം രണ്ട് ഡെപ്യുട്ടി ഡിഎംഓമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് അണുബാധ ഉണ്ടായെന്ന് സ്ഥിരീകരിച്ചത്. അണുബാധയ്ക്കൊപ്പം രക്തസമ്മർദം അപകടകരമായി താഴ്ന്നതും മരണകാരണമെന്ന് കണ്ടെത്തി.
അന്തിമ റിപ്പോർട്ട് ഉടൻ ആരോഗ്യമന്ത്രിക്ക് നൽകും. അണുബാധയുടെ ഉറവിടം കണ്ടെത്താനുള്ള വിദഗ്ദ സംഘത്തിന്റെ പരിശോധന തുടരുകയാണ്. ആശുപത്രിയിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെയും മരുന്നുകളുടെയും സാമ്പിളുകളുടെ പരിശോധനാഫലം ഉടൻ ലഭിക്കും. ഇതിലൂടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. സംഭവത്തിന് പിന്നാലെ 15 ദിവസത്തേക്ക് ഹരിപ്പാട് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ അടച്ചിരുന്നു.