Drisya TV | Malayalam News

25 വയസ്സ് കഴിഞ്ഞിട്ടും വിവാഹിതരായില്ലെങ്കിൽ കെട്ടിയിട്ട് മസാലയിൽ പൊതിയുന്ന വിചിത്ര ആചാരമുള്ള ഒരു രാജ്യം 

 Web Desk    1 Jan 2026

25 വയസ്സ് കഴിഞ്ഞിട്ടും വിവാഹിതരായില്ലെങ്കിൽ കെട്ടിയിട്ട് മസാലയിൽ പൊതിയുന്ന ആചാരമുള്ള ഒരു രാജ്യമുണ്ട്. ഡെൻമാർക്കിലാണ് ഈ വിചിത്രമായ ആചാരമുള്ളത്. 25-ാം വയസ്സിലും അവിവാഹിതരായി തുടരുന്ന വ്യക്തിയുടെ ജന്മദിനത്തിലാണ് ഈ പുരാതന ആചാരം നടക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമാണ് അവിവാഹിതരായ യുവതീ യുവാക്കളെ കെട്ടിയിട്ട് മസാലയിൽ പൊതിയുന്നത്.

ജന്മദിനം ആഘോഷിക്കുന്ന വ്യക്തിയെ പുറത്തേക്ക് കൊണ്ടുവന്ന ശേഷം ഒരു ലാമ്പ് പോസ്റ്റിലോ തൂണിലോ മറ്റോ കെട്ടിയിട്ട ശേഷം മസാലയിൽ പൊതിയുന്നതാണ് പൊതുവിൽ കണ്ടുവരുന്നത്. കറുവപ്പട്ടയിൽ കുളിപ്പിക്കുന്ന പതിവുമുണ്ട്. ഇതോടെ സുഗന്ധവ്യഞ്ജനങ്ങൾ നന്നായി ശരീരത്തിൽ പറ്റിപ്പിടിക്കും.

15-ാം നൂറ്റാണ്ടിലെ സുഗന്ധവ്യഞ്ജന വ്യാപാരവുമായി ബന്ധപ്പെട്ടാണ് ഈ ആചാരത്തിന്റെ പിറവി. സുഗന്ധവ്യഞ്ജന വ്യാപാരികളായി വിദേശങ്ങളിൽ സഞ്ചരിച്ചിരുന്ന ഡാനിഷ് യുവതീ യുവാക്കളുടെ വിവാഹം നീണ്ടുപോയിരുന്നു.ഇതിൽ നിന്നാണ് ഈ ആചാരം പിറവിയെടുക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഡെൻമാർക്കിലുടനീളം ആചാരം വ്യാപകമാവുകയും ചെയ്തു.

25-ാം ജന്മദിനത്തിൽ തീരില്ല ഈ വിചിത്രമായ ആചാരം. പിന്നീടുള്ള ജന്മദിനങ്ങളിലും അവിവാഹിതരായി തുടർന്നാൽ ഈ ആചാരവും തുടരുമെന്ന് സാരം. മസാലയിൽ വ്യത്യാസങ്ങളുണ്ടാകുമെങ്കിലും ആചാരം സമാനമായ രീതിയിൽ തന്നെയാണ്. 30 വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതരായി തുടർന്നാൽ പിന്നെ പൊതിയുന്നത് കുരുമുളക് പൊടിയിലാണ്.

വിവാഹിതരായി കുടുംബ ജീവിതം ആരംഭിക്കുന്നതിനുള്ള പ്രോത്സാഹനവുമായും അതല്ലെങ്കിൽ കേവലം തമാശയായും ഈ ആചാരത്തെ വിലയിരുത്തുന്നവരുണ്ട്. കാര്യം ഇതൊക്കെയാണെങ്കിലും ഡെൻമാർക്കിലെ ആളുകൾ വിവാഹിതരാകുന്നതിൻ്റെ ശരാശരി പ്രായം സ്ത്രീകൾക്ക് 32 ഉം പുരുഷന്മാർക്ക് 34 ഉം ആണ്.

  • Share This Article
Drisya TV | Malayalam News