Drisya TV | Malayalam News

വിടപറയുമ്പോഴും നാല് പേർക്ക് പുതുജീവൻ നൽകി ഡോക്ടർ അശ്വിൻ

 Web Desk    31 Dec 2025

വിടപറയുമ്പോഴും നാല് പേർക്ക് പുതുജീവൻ നൽകിയ ഡോകക്ടർ അശ്വിൻ മോഹനചന്ദ്രൻ മാതൃകയാകുന്നു. കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് ഡോക്‌ടർ അശ്വിൻ (32) ആണ് മരണശേഷവും സഹജീവികളിലൂടെ ലോകത്തിന് പ്രകാശമാകുന്നത്. കൊല്ലം ഉമയനല്ലൂർ നടുവിലക്കര 'സൗപർണിക'യിൽ ഡോ. അശ്വിന്റെ കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവ ഉൾപ്പടെ നാല് അവയവങ്ങളാണ് ദാനം ചെയ്യുന്നത്.

അശ്വിന്റെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിയ്ക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ രോഗിക്കും നേത്രപടലങ്ങൾ തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേ രോഗിക്കും കൈമാറി. തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിക്കുകയും ദു:ഖത്തിൽ പങ്കുചേരുകയും ചെയ്തു.

കഴിഞ്ഞ ഡിസംബർ 20-ന് കോഴിക്കോട് കക്കാടംപൊയിലിലെ റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ സ്വിമ്മിങ് പൂളിൽ കാൽതെറ്റി വീണായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ അശ്വിനെ മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിലും തുടർന്ന് മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഡിസംബർ 27-ന് വിദഗ്ധ ചികിത്സയ്ക്കായി കൊല്ലം എൻ.എസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡിസംബർ 30-ന് മസ്‌തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു. തന്റെ അവയവങ്ങൾ മരണാനന്തരം മറ്റൊരാൾക്ക് പ്രയോജനപ്പെടണമെന്നത് ഡോ. അശ്വിന്റെ വലിയ ആഗ്രഹമായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News