Drisya TV | Malayalam News

ചൈനീസ് നിർമിതമായ ഹെർബൽ കോഫി ഉപയോഗിച്ച് യുവാവിന്റെ കരളിന് ഗുരുതരമായ തകരാർ

 Web Desk    30 Dec 2025

ചൈനീസ് നിർമിതമായ ഹെർബൽ കോഫി ഉപയോഗിച്ചതിനു പിന്നാലെ ഒരു യുവാവിന്റെ കരൾ ഗുരുതരമായി തകരാറിലായതിനേക്കുറിച്ചാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.വിപണിയിൽ കിട്ടുന്ന ഹെർബൽ ടീകളും കോഫികളുമൊക്കെ ആരോഗ്യകരമാണെന്ന് കരുതി ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ലിവർഡോക്ടർ എന്നപേരിൽ സാമൂഹികമാധ്യമത്തിൽ പ്രശസ്തനായ ഡോ.അബി ഫിലിപ്സ് പങ്കുവെച്ചിരിക്കുന്നത്.

 കണ്ണിന് മഞ്ഞനിറവും മൂത്രം കടുത്തനിറവുമായാണ് യുവാവ് ഡോക്ടറെ കാണാനെത്തിയത്. രണ്ട് ഡോക്ടർമാരെ കണ്ടെങ്കിലും അവർക്ക് എന്താണ് കാരണമെന്ന് കണ്ടെത്താനായില്ല. അക്യൂട്ട് ഹെപ്പറ്റൈറ്റിസിനും മഞ്ഞപ്പിത്തതിനും കാരണമായേക്കാവുന്ന ഘടങ്ങളൊക്കെ നെഗറ്റീവായിരുന്നു. വൈറസുകൾ, കരളിനെ തകരാറിലാക്കുന്ന മരുന്നുകൾ, ഹെർബൽ സപ്ലിമെന്റുകൾ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ തുടങ്ങിയവയൊന്നും ഉണ്ടായിരുന്നില്ല. നിരവധി സ്കാനിങ്ങുകളും മറ്റുംചെയ്തെങ്കിലും മഞ്ഞപ്പിത്തം കൂടുന്നതല്ലാത്തെ കാരണം തേടിയുള്ള റിപ്പോർട്ടുകളെല്ലാം നെഗറ്റീവായാണ് വന്നത്. ശേഷമാണ് അയാൾ തനിക്കരികിലെത്തിയതെന്ന് ഡോക്ടർ കുറിക്കുന്നു.

നേരത്തേ പറഞ്ഞ സംശയങ്ങളെല്ലാം വീണ്ടും ചോദിച്ചെങ്കിലും അതിനെല്ലാം ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. അങ്ങനെയാണ് ഒടുവിൽ അനസാനവഴിയെന്നോണം ആഹാരരീതിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയോ എന്നുചോദിച്ചത്. അൽപനേരം ചിന്തിച്ചതിനുശേഷം കുറച്ചുനാളായി കോഫി കുടിക്കാൻ തുടങ്ങിയെന്നു പറഞ്ഞു. കോഫി കരളിന് നല്ലതാണെന്നും മഞ്ഞപ്പിത്തത്തിന് കാരണമാകില്ലെന്നും പറഞ്ഞു. കോഫി ഇഷ്ടമുള്ളയാളായതുകൊണ്ട് എന്തു ബ്രാൻഡാണ് കുടിക്കുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് ചൈനീസുകാരനായ റൂം മേറ്റ് നൽകിയ ഒരു ചൈനീസ് കോഫിയാണ് കുടിക്കുന്നതെന്ന് വളരെ സ്വാഭാവികമായി പറഞ്ഞത്.- ഡോക്ടർ കുറിച്ചു.

ശേഷം അതേക്കുറിച്ച് ചോദിച്ചപ്പോൾ ചിത്രവും കാണിച്ചുതന്നു. അതുകണ്ട് താൻ ഞെട്ടിയെന്നും അത് യഥാർഥ കോഫിയല്ല മറിച്ച് ചൈനീസ് ഹെർബൽ കോഫിയാണെന്നും ഡോക്ടർ കുറിക്കുന്നു. ഒരാഴ്ചയായി ദിവസവും രണ്ടുമൂന്ന് കപ്പ് വീതം കുടിക്കുന്ന ചൈനീസ് കോഫിയാണ് യുവാവിന്റെ കരൾ തകരാറിലാക്കിയത്. യഥാർഥ മുല്ല അഥവാ ജാസ്മ്‌മിൻ ചെറിയ അളവിൽ ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും എന്നാൽ ഇതേപേരിൽ അറിയപ്പെടുന്ന മറ്റുചില പൂക്കൾ വിഷമയമുള്ളതും കരളിനും വൃക്കയ്ക്കും ഹൃദയത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നനം ഉണ്ടാക്കുന്നതാണെന്നും ഡോക്ടർ കുറിക്കുന്നു.

നൈറ്റ് ബ്ലൂമിങ് ജാസ്മിൻ എന്ന നിശാറാണി അഥവാ പാതിരാമുല്ല ഇക്കാര്യത്തിൽ വളരെ അപകടകാരിയാണെന്നും ഡോക്ടർ കുറിക്കുന്നു. ഈ ചെടിയുടെ എല്ലാഭാഗവും വിഷമയമുള്ളതാണ്. വിപണിയിലുള്ള പല ഹെർബൽ ടീകളും കോഫീകളും അനിയന്ത്രിതമാണെന്നും ഉപയോക്താക്കൾ ഇവയിലുള്ളത് എത്തരം സസ്യങ്ങളാണെന്ന് തിരിച്ചറിയാൻ വഴിയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.ഹെർബൽ ടീ ഉപയോഗം കരളിനെ എങ്ങനെ തകരാറിലാക്കുന്നു എന്നതിനേക്കുറിച്ച് വ്യക്തമാക്കുന്ന ചില പഠനങ്ങളും ഡോ.എബി പങ്കുവെച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News