Drisya TV | Malayalam News

രാജ്യത്തെ കുട്ടികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി സ്വന്തമാക്കി വൈഭവ് സൂര്യവംശി

 Web Desk    27 Dec 2025

രാജ്യത്തെ കുട്ടികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം (പിഎംആർബിപി) ഇന്ത്യയുടെ യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിക്ക്. വെള്ളിയാഴ്ച രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു വൈഭവിന് പുരസ്‌കാരം സമ്മാനിച്ചു.

പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ധീരത, കലയും സംസ്‌കാരവും, പരിസ്ഥിതി, ശാസ്ത്രവും സാങ്കേതികവിദ്യയും, സാമൂഹിക സേവനം, കായികം എന്നീ മേഖലകളിലെ അസാധാരണ നേട്ടങ്ങൾക്ക് 5-18 പ്രായപരിധിയിലുളള കുട്ടികൾക്ക് രാജ്യം നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയാണ് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം.

അടുത്തിടെ അണ്ടർ 19 ഏഷ്യാ കപ്പിനു ശേഷം ആഭ്യന്തര ടൂർണമെന്റായ വിജയ് ഹസാരെയിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെയ്ക്കുന്നതിനിടെയാണ് വൈഭവ് ഡൽഹിയിലേക്ക് പുരസ്‌കാരം സ്വീകരിക്കുന്നതിനായി എത്തിയത്. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ താരത്തിന് നഷ്ടമാകും. വെള്ളിയാഴ്ച മണിപ്പുരിനെതിരായ മത്സരത്തിൽ താരം കളിക്കില്ല. പുരസ്‌കാരം സ്വീകരിച്ച ശേഷം വൈഭവ് അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ക്യാമ്പിലേക്കാണ് പോകുന്നത്. അടുത്ത വർഷം ജനുവരി 15 മുതൽ സിംബാബ്വെയിലും നമീബിയയിലുമായാണ് അണ്ടർ 19 ലോകകപ്പ്.

വിജയം ഹസാരെ ടൂർണമെന്റിൽ ബിഹാറിനായി കളത്തിലിറങ്ങിയ വൈഭവ് ആദ്യ മത്സരത്തിൽ അരുണാചൽ പ്രദേശിനെതിരേ 84 പന്തിൽ നിന്ന് 190 റൺസടിച്ചുകൂട്ടിയിരുന്നു. 36 പന്തിൽ നിന്നായിരുന്നു സെഞ്ചുറി. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും വൈഭവ് സ്വന്തമാക്കിയിരുന്നു.

  • Share This Article
Drisya TV | Malayalam News