ബാങ്കിംഗ് മേഖല അടിമുടി മാറുകയാണ്. മനുഷ്യർക്കൊപ്പം അൽഗൊരിതങ്ങളും ചാറ്റ് ബോട്ടുകളുമാണ് ഇന്ന് ബാങ്കിംഗിൽ തോളോട് തോൾ ചേർന്ന് നിന്ന് പ്രവർത്തിക്കുന്നത്. മക്കിൻസി റിപ്പോട്ടിൽ ചൂണ്ടിക്കാട്ടുന്നത് പോലെ ഒരിക്കലും ഉറങ്ങാത്ത നിർമിതബുദ്ധി സംവിധാനങ്ങളാണ് ഇപ്പോൾ ബാങ്കിംഗ് പ്രവർത്തനങ്ങളുടെ അടിത്തറ. ഇത് ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗവും കൃത്യതയും നൽകുമ്പോൾ, തൊഴിൽ നഷ്ട ഭീതിയും ഉയർത്തുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ-നിർമിത ബുദ്ധി) ബാങ്കിംഗിൽ പെട്ടെന്നുണ്ടായ ഒരു വിപ്ലവമല്ല. ബാങ്കിംഗ് രംഗത്തെ ഓട്ടോമേഷനാണ് ഇതിന്റെ തുടക്കം. 1980-90കളിൽ കോർ ബാങ്കിംഗ് സൊല്യൂഷൻസ് (ഇആട) അവതരിപ്പിക്കപ്പെട്ടപ്പോൾ ശാഖ തലത്തിലുള്ള ഒട്ടേറെ മാന്വൽ ജോലികൾ യാന്ത്രികമായി മാറി. 2000കളിൽ ഇന്റർനെറ്റ് ബാങ്കിംഗ്, എടിഎമ്മുകൾ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളുടെ വ്യാപനം എന്നിവ ഉപഭോക്താക്കളുടെ ബാങ്കിംഗ് അനുഭവം മാറ്റിമറിച്ചു.
2030 ഓടെ 30 ശതമാനം ബാങ്കിംഗ് ജോലികളിൽ ഓട്ടോമേഷൻ സംഭവിക്കുമെന്നാണ് മക്കിൻസി റിപ്പോർട്ട്. അതേസമയം 60 ശതമാനം ബാങ്ക് ജീവനക്കാർ എഐ തങ്ങളുടെ ജോലി ഇല്ലാതാക്കുമെന്ന് ആശങ്കപ്പെടുന്നതായി പിഡബ്ല്യുസി സർവെയും വെളിപ്പെടുത്തുന്നു. ക്ലറിക്കൽ ജോലി, ഡാറ്റ എൻട്രി, ചെക്ക് വെരിഫിക്കേഷൻ, അക്കൗണ്ട് അപ്ഡേറ്റ്, കോൾ സെന്റർ ക്വറി ഹാൻഡലിംഗ് എന്നിവ എഐ ഏറ്റെടുക്കുന്നതുകൊണ്ട് ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളിലെ പല ജോലികളെയും അത് നേരിട്ട് ബാധിക്കുമെന്ന് ആർബിഐയും നിരീക്ഷിക്കുന്നുണ്ട്.