കോട്ടയം ജില്ലാപഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. സിപിഎമ്മും കേരള കോൺഗ്രസും ഒൻപത് വീതം സീറ്റുകളിൽ മത്സരിക്കും. സിപിഐക്ക് നാല് സീറ്റാണ്. വനിതാ സംവരണമായ അയർക്കുന്നത്ത് എൽഡിഎഫ് പൊതുസ്വതന്ത്ര മത്സരിക്കും. വ്യാഴാഴ്ച ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് അന്തിമ തീരുമാനമായത്.
അയർക്കുന്നത്ത് കേരള കോൺഗ്രസ് എം സ്ഥാനാർഥിതന്നെയാകും മത്സരിക്കുകയെങ്കിലും സ്വതന്ത്രചിഹ്നമാകും സ്വീകരിക്കുക. ചർച്ചകളിൽ പുതിയ ഡിവിഷനായ തലനാട് ഉൾപ്പെടെ പത്ത് സീറ്റുകളാണ് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടത്. തലനാടിന് പകരം ഒരു സീറ്റിൽ പൊതുസ്വതന്ത്രൻ എന്ന ഉപാധി സിപിഎം മുന്നോട്ടുവെച്ചു. സിപിഐ യും ഇതിനെ പിന്തുണച്ചു. മുന്നണിയിൽ കേരള കോൺഗ്രസ് എമ്മിന് കൂടുതൽ സീറ്റ് നൽകിയെന്ന ആക്ഷേപം ഒഴിവാക്കുന്നതിനും സിപിഐയുടെ എതിർപ്പ് മറികടക്കുന്നതിനുമായിരുന്നു ഈ നിർദേശം.
പൂഞ്ഞാർ, കുറവിലങ്ങാട്, ഉഴവൂർ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, തലനാട്, അതിരമ്പുഴ, കിടങ്ങൂർ മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് എം മത്സരിക്കും. വെള്ളൂർ, പുതുപ്പള്ളി, പാമ്പാടി, തലയാഴം, മുണ്ടക്കയം, െപാൻകുന്നം, തൃക്കൊടിത്താനം, കുറിച്ചി, കുമരകം സീറ്റുകളിൽ സിപിഎം മത്സരിക്കും. വൈക്കം, കങ്ങഴ, വാകത്താനം, എരുമേലി, ഡിവിഷനുകളിൽ സിപിഐ മത്സരിക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിന് കിട്ടിയ സീറ്റുകളിൽ പൂഞ്ഞാറിൽ-മിനി സാവിയോ, കുറവിലങ്ങാട്-പി.സി. കുര്യൻ, ഉഴവൂർ-ഷിബി മത്തായി, തലനാട്-അമ്മിണി തോമസ്, കടുത്തുരുത്തി-സൈനമ്മ ഷാജു, അതിരമ്പുഴ-ജിം അലക്സ് എന്നിവരാണ് അന്തിമ പട്ടികയിൽ. കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, കിടങ്ങൂർ സീറ്റുകളിൽ തർക്കം തുടരുകയാണ്. അയർക്കുന്നത്ത് ജിലു ജോണാണ് പരിഗണനയിലുള്ളത്. സിപിഎമ്മിൽ തൃക്കൊടിത്താനത്ത് മഞ്ജു സുജിത്ത്, മുണ്ടക്കയത്ത് കെ. രാജേഷ് എന്നിവരുടെ പരുകൾ ഏകദേശം ഉറപ്പായി. പൊൻകുന്നത്ത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സുരേഷ് കുമാർ മത്സരിച്ചേക്കും. പുതുപ്പള്ളി, പാമ്പാടി, കുമരകം, വെള്ളൂർ സീറ്റുകളിൽ അന്തിമ ധാരണയായിട്ടില്ല. സിപെിഎയുടെ സ്ഥാനാർഥികളെ 15-ന് പ്രഖ്യാപിക്കും.