കാലുവേദനയെന്ന കാരണംകാട്ടി സിക്ക് ലീവെടുത്ത ജീവനക്കാരെ ജോലിയിൽ നിന്നും പറഞ്ഞുവിട്ട് മുതലാളി. ലീവായിരുന്ന ദിവസം ജീവനക്കാരൻ 16,000 അടി നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജോലി നിഷേധിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ചൈനയിലാണ് സംഭവം. ജോലി പോയതോടെ ജീവനക്കാരൻ കോടതിയെ സമീപിച്ചു. 2019ൽ നൽകിയ കേസിനെ കുറിച്ച് ചൈനയുടെ മിനിസ്ട്രി ഓഫ് ജസ്റ്റിസ് വെബ്സൈറ്റിലാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ജീവനക്കാരന്റെ കേസ് പരിഗണിച്ച കോടതി ഇപ്പോൾ അദ്ദേഹത്തിന് അനുകൂലമായി വിധിച്ചിരിക്കുകയാണ്. ജീവനക്കാരന് നഷ്ടപരിഹാരമായി 118,779 യുവാൻ നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 15 ലക്ഷം രൂപ വരും. ഈ വിവരം പുറത്ത് വന്നതോടെ തൊഴിലിടങ്ങളിലെ നിരീക്ഷണങ്ങളെ കുറിച്ചും ജീവനക്കാരുടെ അവകാശങ്ങളെ കുറിച്ചുമുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.
ചെൻ എന്ന ജീവനക്കാരനാണ് തന്റെ മുതലാളിക്കെതിരെ നിയമപരമായി നീങ്ങിയത്. ജിയാങ്‌സു പ്രവിശ്യയിലെ ഒരു കമ്പനിയിലാണ് ചെൻ ജോലി ചെയ്തിരുന്നത്. 2019 ഫെബ്രുവരിയിലും മാർച്ചിലും ഇയാൾ പുറംവേദനയെ തുടർന്ന് സിക്ക് ലീവിന് അപേക്ഷിച്ചു. ആശുപത്രി രേഖകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഒരുമാസത്തിന് ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചപ്പോഴാണ് വീണ്ടും അടുത്ത സിക്ക്‌ലീവിനായി അപേക്ഷിക്കുന്നത്. വലത് കാലിലെ വേദന ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഡോക്ടറെ കാണിച്ചപ്പോൾ ഒരാഴ്ചത്തെ റെസ്റ്റ് വേണമെന്ന ഉപദേശമാണ് ലഭിച്ചതു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഹീൽ സ്പർ എന്ന അവസ്ഥയാണ് ചെന്നിനെന്ന് കണ്ടെത്തിയതോടെ ലീവ് നീട്ടേണ്ട സാഹചര്യമായി.
മെഡിക്കൽ റെക്കോർഡുകൾ സമർപ്പിക്കാനെത്തിയ ചെന്നിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്ന സന്ദേശം ചെന്നിനെ തേടിയെത്തുന്നത്. ഇതിൽ അവധിക്കായി അപേക്ഷിച്ച ദിവസം ചെൻ 16,000ലധികം അടി നടന്നിട്ടുണ്ടെന്നും കമ്പനിയെ കബളിപ്പിച്ചതിനൊപ്പം നിരവധി അവധികൾ എടുത്തെന്നും ജോലിയിൽ നിന്നും പിരിച്ചുവിടാനുണ്ടായ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു.
ചെന്നിന്റെ വാദങ്ങളെ പൊളിച്ചടുക്കാനായി അദ്ദേഹത്തിന്റെ ദൃശ്യങ്ങളടക്കം കമ്പനി കോടതിയിൽ സമർപ്പിച്ചു. എന്നാൽ ഇതെല്ലാം തള്ളിയ കോടതി, ചെന്നിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് ന്യായമല്ലെന്നാണ് വിധിച്ചത്. മാത്രമല്ല അദ്ദേഹം സമർപ്പിച്ച മെഡിക്കൽ രേഖകൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തു.