ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 യിൽ ഇന്ത്യക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ജയം. ഓസീസ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഒൻപത് പന്തുകൾ ബാക്കി നിൽക്കേ ഇന്ത്യ മറികടന്നു. വാഷിങ്ടൺ സുന്ദറിന്റെ വെടിക്കെട്ടാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി(1-1). ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഓസ്ട്രേലിയ വിജയിച്ചിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് അഭിഷേക് ശർമ സമ്മാനിച്ചത്. മൂന്നോവറിൽ ടീം 30 റൺസിലെത്തി. നാലാം ഓവറിൽ അഭിഷേകിനെ നതാൻ എല്ലിസ് പുറത്താക്കി. 16 പന്തിൽ നിന്ന് 25 റൺസാണ് അഭിഷേകിന്റെ സമ്പാദ്യം.പിന്നീട് ശുഭ്മാൻ ഗില്ലും നായകൻ സൂര്യകുമാർ യാദവും ചേർന്ന് ടീമിനെ അമ്പത് കടത്തി. എന്നാൽ ഇരുതാരങ്ങളെയും ഓസീസ് ബൗളർമാർ കൂടാരം കയറ്റിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഗിൽ 15 റൺസെടുത്തപ്പോൾ സൂര്യകുമാർ 24 റൺസെടുത്ത് പുറത്തായി. അതോടെ ഇന്ത്യ 76-3 എന്ന നിലയിലായി.
നാലാം വിക്കറ്റിൽ തിലക് വർമയും അക്ഷർ പട്ടേലും ചേർന്ന് സ്കോർ ഉയർത്തി. ഇരുവരും സ്കോർ നൂറുകടത്തിയെങ്കിലും എല്ലിസ് കൂട്ടുകെട്ട് പൊളിച്ച് ഓസീസിന് പ്രതീക്ഷ സമ്മാനിച്ചു. 17 റൺസെടുത്ത് അക്ഷർ മടങ്ങി. 13 ഓവർ അവസാനിക്കുമ്പോൾ 126-4 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് വാഷിങ്ടൺ സുന്ദർ വെടിക്കെട്ട് നടത്തിയതോടെ ഇന്ത്യക്ക് പ്രതീക്ഷ കൈവന്നു. തിലക് വർമ (29) പുറത്തായെങ്കിലും സുന്ദർ ടീമിനെ 150 കടത്തി. പിന്നാലെ ജിതേഷ് ശർമയുമായി ചേർന്ന് സുന്ദർ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. വാഷിങ്ടൺ സുന്ദർ 23 പന്തിൽ നിന്ന് 49 റൺസെടുത്തപ്പോൾ ജിതേഷ് ശർമ 13 പന്തിൽ നിന്ന് 22 റൺസെടുത്ത് പുറത്താവാതെ നിന്നു.