ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് ബൊപ്പണ്ണ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ബൊപ്പണ്ണയുടെ സംഭവബഹുലമായ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. പാരീസ് മാസ്റ്റേഴ്സ് 1000 ടൂർണമെന്റിലാണ് ബൊപ്പണ്ണ അവസാനമായി കളിച്ചത്.
മറക്കാനാവാത്ത 20 വർഷങ്ങൾക്ക് ശേഷം, ഞാൻ എന്റെ റാക്കറ്റ് ഔദ്യോഗികമായി താഴെ വെക്കുകയാണ്. എന്റെ സെർവ് ശക്തിപ്പെടുത്താൻ കൂർഗിൽ വിറക് വെട്ടിയത് മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികളിൽ നിന്നതുവരെ, എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു. - ബൊപ്പണ്ണ കുറിച്ചു.
ഡബിൾസിലെ ഏറ്റവും പ്രായം കൂടിയ ഗ്രാൻഡ് സ്ലാം ജേതാവ്, ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പർ എന്നീ നേട്ടങ്ങൾ ബൊപ്പണ്ണയ്ക്ക് സ്വന്തമാണ്. രണ്ട് തവണയാണ് ഇന്ത്യൻ താരം ഗ്രാൻഡ് സ്ലാം കിരീടത്തിൽ മുത്തമിട്ടിട്ടുള്ളത്. 2024 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ്, 2017 ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടങ്ങളാണ് ബൊപ്പണ്ണ സ്വന്തമാക്കിയത്. ഒളിമ്പിക്സിലും ഡേവിസ് കപ്പിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.