Drisya TV | Malayalam News

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്ക് 2024-25 സാമ്പത്തികവർഷം ലഭിച്ചത് റെക്കോഡ് പ്രതിഫലം

 Web Desk    25 Oct 2025

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്ക് 2024-25 സാമ്പത്തികവർഷം ലഭിച്ചത് റെക്കോഡ് പ്രതിഫലം. 9.65 കോടി ഡോളറാണ് മൈക്രോസോഫ്റ്റ് അദ്ദേഹത്തിന് നൽകിയതെന്നാണ് കണക്ക്. അതായത് ഏകദേശം 840 കോടി രൂപ. മൈക്രോസോഫ്റ്റിന്റെ ചുമതലയേറ്റെടുത്തശേഷം അദ്ദേഹത്തിന് ലഭിച്ചതിൽ ഏറ്റവുമുയർന്ന പ്രതിഫലമാണിത്.

സത്യ നാദെല്ലയ്ക്കകീഴിൽ മൈക്രോസോഫ്റ്റ് നിർമിതബുദ്ധിയിൽ നടത്തിയ മുന്നേറ്റമാണ് പ്രതിഫലം ഉയരാൻ കാരണമായത്. പുതുതലമുറ സാങ്കേതികമാറ്റത്തിൽ നിർമിതബുദ്ധി രംഗത്ത് മൈക്രോസോഫ്റ്റിനെ ആഗോള നേതൃപദവയിലെത്തിച്ചതിൽ സത്യ നാദെല്ലയ്ക്കും ടീമിനും വലിയ പങ്കാണുള്ളതെന്ന് കമ്പനി ഓഹരിയുടമകളെ അറിയിച്ചു. അദ്ദേഹത്തിന്റെ പ്രതിഫലത്തിൽ 90 ശതമാനവും മൈക്രോസോഫ്റ്റ് ഓഹരികളായാണ് നൽകിയിട്ടുള്ളത്. അടിസ്ഥാനശമ്പളമായി ലഭിച്ചത് 25 ലക്ഷം ഡോളറാണ്. ഏകദേശം 22 കോടി രൂപ വരുമിത്.

2023-24 സാമ്പത്തികവർഷം 7.91 കോടി ഡോളറായിരുന്നു നാദെല്ലയ്ക്ക് പ്രതിഫലമായി ലഭിച്ചത്. 2014-ലാണ് മൈക്രോസോഫ്റ്റിന്റെ മൂന്നാമത്തെ സിഇഒ ആയി അദ്ദേഹം ചുമതലയേറ്റത്. ബിൽഗേറ്റ്സ് ആയിരുന്നു ആദ്യ സിഇഒ. അദ്ദേഹത്തിനുശേഷമെത്തിയ സ്റ്റീവ് ബാമറിൽനിന്നാണ് സത്യ നാദെല്ല ചുമതല ഏറ്റെടുത്തത്. മൈക്രോസോഫ്റ്റിന് ക്ലൗഡ്-നിർമിതബുദ്ധി കേന്ദ്രീകൃത കമ്പനിയാക്കി മാറ്റിയത് നാദെല്ലയാണ്.

  • Share This Article
Drisya TV | Malayalam News