ഏഷ്യാ കപ്പ് സമ്മാനദാന ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കു ശേഷം ആദ്യമായി പ്രതികരിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റും പാകിസ്‌താൻ മന്ത്രിയുമായ മൊഹ്സിൻ നഖ്വി. എസിസി പ്രസിഡന്റ് എന്ന നിലയിൽ ആ ദിവസം തന്നെ ട്രോഫി കൈമാറാൻ താൻ തയ്യാറായിരുന്നു, ഇപ്പോഴും തയ്യാറാണ്. അവർക്ക് അത് ശരിക്കും വേണമെങ്കിൽ എസിസി ഓഫീസിൽ വന്ന് തൻ്റെ പക്കൽ നിന്ന് അത് കൈപ്പറ്റാൻ ഇന്ത്യൻ ടീമിനെ സ്വാഗതം ചെയ്യുന്നുവെന്നും നഖ്വി പറഞ്ഞു. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നഖ്‌വിയുടെ എക്സ് അക്കൗണ്ട് പക്ഷേ ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്.
അതേസമയം ചൊവ്വാഴ്‌ച നടന്ന എസിസി വെർച്വൽ യോഗത്തിൽ ബിസിസിഐ പ്രതിനിധികളോട് താൻ ക്ഷമാപണം നടത്തിയെന്ന മാധ്യമ വാർത്തകൾ അദ്ദേഹം നിഷേധിച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാൽ തന്നെ ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നുമാണ് നഖ്‌വി പറഞ്ഞത്.
'എസിസി പ്രസിഡന്റ് എന്ന നിലയിൽ, ആ ദിവസം തന്നെ ട്രോഫി കൈമാറാൻ ഞാൻ തയ്യാറായിരുന്നു, ഇപ്പോഴും ഞാൻ തയ്യാറാണ്. അവർക്ക് അത് ശരിക്കും വേണമെങ്കിൽ, എസിസി ഓഫീസിൽ വന്ന് എന്നിൽ നിന്ന് അത് വാങ്ങാൻ അവരെ സ്വാഗതം ചെയ്യുന്നു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ഞാൻ ഒരിക്കലും ബിസിസിഐയോട് ക്ഷമാപണം നടത്തിയിട്ടില്ല, ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല.' - നഖ്‌വി എക്‌സിൽ കുറിച്ചു.