Drisya TV | Malayalam News

മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാൾ സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ

 Web Desk    27 Aug 2025

കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാൾ സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ ആചരിക്കും. 31ന് വൈകിട്ട് സന്ധ്യാപ്രാർഥനയോടെ നോമ്പാചരണത്തിന് തുടക്കമാകും. ഒന്ന് മുതൽ 14 വരെ എല്ലാദിവസവും മെത്രാപ്പോലീത്താമാരുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ഒന്നിന് വൈകുന്നേരം 4.30ന് കൊടിമരം ഉയർത്തും. മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും മൂന്നിന് വൈകിട്ട് ആറിനും ആദ്ധ്യാത്മീക സംഘടനകളുടെ പൊതുസമ്മേളനം നാലിന് വൈകിട്ട് ആറിനും നടക്കും. 

ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് കുരിശുപള്ളികളിലേക്കുള്ള ഭക്തിനിർഭരമായ റാസയും ഏഴിന് രാവിലെ 11.30ന് നടതുറക്കൽ ശുശ്രൂഷയും നടക്കും. ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ നടതുറക്കൽ ശുശ്രൂഷയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. കത്തീഡ്രലിന്റെ പ്രധാന ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കൽ ശുശ്രൂഷ. പ്രധാന പെരുന്നാൾ ദിനമായ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെപള്ളിയിലേക്കുള്ള പ്രദക്ഷിണം, ആശീർവാദം. തുടർന്ന് നടക്കുന്ന നേർച്ച വിളമ്പോടെ പെരുന്നാൾ സമാപിക്കും. സ്ലീബാ പെരുന്നാൾ ദിനമായ 14ന് വൈകിട്ട് അ‍ഞ്ചിന് സന്ധ്യാപ്രാർഥനയോടെ നടയടയ്ക്കും.

  • Share This Article
Drisya TV | Malayalam News