മഹാരാഷ്ട്രയിൽ സ്വകാര്യ മേഖലയിൽ ജോലി സമയം വർധിപ്പിക്കാൻ നീക്കവുമായി മഹാരാഷ്ട്ര സർക്കാർ. 2017ലെ റെഗുലേഷൻ ഓഫ് എംപ്ലോയ്മെന്‍റ് ആന്‍റ് കണ്ടീഷൻസ് ഓഫ് സർവീസ് ആക്ട് പ്രകാരം 9 മുതൽ 10 മണിക്കൂർ വരെയായി വർധിപ്പിക്കാനാണ് തീരുമാനം. ഹോട്ടലുകൾ, വിനോദ കേന്ദ്രങ്ങൾ, കടകൾ തുടങ്ങിയ മേഖലകളിലെ തൊഴിലാളികളെ കുറിച്ച് പരാമർശിക്കുന്നതാണ് ഈ റെഗുലേഷൻ.
ചൊവ്വാഴ്ച കൂടിയ സംസ്ഥാന കാബിനറ്റ് കൂടിക്കാഴ്ചയിൽ ലേബർ ഡിപ്പാർട്മെന്‍റാണ് തീരുമാനം അവതരിപ്പിച്ചത്. 2017ലെ നിയമത്തിൽ 7 മാറ്റങ്ങളാണ് മുന്നോട്ടു വച്ചിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് തൊഴിൽ സമയത്തിലെ മാറ്റമാണ്. റെഗുലേഷനിലെ സെക്ഷൻ12 പ്രകാരം ഒരാളും 10 മണിക്കൂറിനു മുകളിൽ ജോലി ചെയ്യേണ്ടതില്ലെന്ന് പറയുന്നു. ഒപ്പം അര മണിക്കൂർ വിശ്രമ വേള ഉണ്ടെങ്കിൽ മാത്രമേ 6 ണിക്കൂറിനുമുകളിൽ ജോലി ചെയ്യാൻ പാടുള്ളൂവെന്നും പറയുന്നു. നിലവിൽ ഇത് 5 മണിക്കൂറാണ്.
മൂന്നു മാസത്തിനുള്ളിൽ എടുക്കാവുന്ന ഓവർ ടൈം ജോലി സമയം 125ൽ നിന്ന് 144 മണിക്കൂർ ആക്കി ഉയർത്തിയിട്ടുണ്ട്. ഒരു ദിവസത്തെ പരമാവധി ഓവർടൈം 10 ൽ നിന്ന് 12 മണിക്കൂറായി വർധിപ്പിക്കാനും നിർദേശം ഉണ്ട്. 20ൽ കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങളിലാണ് ഇത് പ്രാവർത്തികമാവുക. നിലവിൽ ഇത് 10 ആണ്.