പാലാ : പാലാ നഗരത്തിലെ 'അമിനിറ്റി സെന്റർ' അനിശ്ചി തമായി അടച്ചിട്ടിട്ടിരി ക്കുന്നതിനെതിരെ പ്രതിഷേധം വീണ്ടും ശക്തമാകുന്നു.നഗരത്തിൽ ളാലം തോടിനു സമീപം നിർമിച്ചിരിക്കുന്ന 'അമിനിറ്റി സെന്ററു' മായി ബന്ധപ്പെട്ട പരാതികൾക്കും വിവാദങ്ങൾക്കും പദ്ധതിയോളോം തന്നെ പഴക്കമുണ്ട്.നിർമ്മാണം പൂർത്തിയാക്കി ഉദ് ഘാടനം നടത്തിയിട്ടും സ്ഥാപനം കൃത്യമായി തുറന്നു കൊടുക്കാത്തതുതന്നെയാണ് അതിന് കാരണം.
ഗ്രീൻ ടൂറിസം പദ്ധതിപ്രകാരം നാലു കോടി 19 ലക്ഷം രൂപ ചിലവഴിച്ച് 'ലണ്ടൻ പാലം'മാതൃകയിലുള്ള തൂക്കുപാലവും മിനി പാർക്കും ഓപ്പൺ സ്റ്റേജുമൊക്കചേർന്ന 'അമിനിറ്റി സെന്റർ ' നിർമിച്ചത്. 2020 ൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു,അഞ്ചു വർഷം പിന്നിടുമ്പോൾ, ഇപ്പോൾ മാത്രമല്ല എപ്പോഴും അടഞ്ഞു തന്നെയാണ് ഈ സ്ഥാപനം!
പാലായുടെ പുരോഗതിയും ക്ഷേമവും തങ്ങളുടെ പ്രാഥമിക കടമയായിരിക്കെ, നികുതിപ്പണം ഉപയോഗിച്ച് നാടിനായി നിർമിച്ച ഈ സംരംഭം ദീർഘകാലമായി അടച്ചിട്ടിരിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പാലാ നഗര ഭരണകൂടത്തിന് ഒഴിവാകാനാകില്ലെന്നും, lതുരുമ്പെടുത്തും കാടുകയറിയും, ജനങ്ങൾക്ക് ഉപകാരപ്പെടാതെ ഈ സ്ഥാപനം പാഴായതിൽ സംസ്ഥാന സർക്കാരും, പ്രാദേശിക സർക്കാരും തുല്യപ്രതികളാണെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ ബ്ലോക്ക് ജനറൽ സെക്രട്ടറി ജോസ് പനയ്ക്കച്ചാലി പറഞ്ഞു.
'അമിനിറ്റി സെന്റർ' തുറന്നു പ്രവർത്തിപ്പിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയതായും അദ്ദേഹം പറഞ്ഞു.