Drisya TV | Malayalam News

ലോകത്ത് ആദ്യമായി പ്രണയത്തിന് ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ച് സോഹന്‍ റോയ്   

 Web Desk    16 Apr 2025

പ്രത്യേകിച്ച് ഒരു കാരണം ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെങ്കിലും അടുത്ത കാലത്തായി വിവാഹ മോചനങ്ങളുടെ ഗ്രാഫ് ഉയർന്നാണ് നില്‍ക്കുന്നത്. ചിലപ്പോൾ നിരാസമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന കാര്യങ്ങൾക്ക് പോലും വിവാഹ ബന്ധം വേർപ്പെടുത്താനുള്ള വ്യഗ്രത കൂടുതലാണ്. ഇതിനൊരു പരിഹാരമെന്ന മട്ടില്‍ ഒരു പുതിയ ഇന്‍ഷുറന്‍സ് പോളിസി സമൂഹ മാധ്യമങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. സോഹന്‍ റോയ് എന്ന സമൂഹ മാധ്യമ ഉപയോക്താവിന്‍റെ സിക്കിഗയ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ പോളിസി അവതരിപ്പിക്കപ്പെട്ടത്. 

സിക്കിലോവ് ഇന്‍ഷുറന്‍സ്, പുതിയ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിക്കുന്നതിനെ കുറിച്ചാണ് വീഡിയോയില്‍ വിശദീകരിക്കുന്നത്. കാമുകി- കാമുകന്മാര്‍ക്ക് അവരുടെ ബന്ധത്തിന്‍റെ ദീർഘായുസിനെ കുറിച്ച് ഉറപ്പ് നല്‍കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക കവറേജ് പ്ലാനും ഈ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നു. പ്രണയിനികൾ തമ്മിലുള്ള ബന്ധം ഇന്‍ഷുറന്‍സ് കാലാവധിക്ക് ശേഷവും നിലനില്‍ക്കുകയാണെങ്കില്‍, അവരുടെ വിവാഹത്തിന് ധനസഹായം നല്‍കുന്നതിന് മൊത്തം പ്രീമിയത്തിന്‍റെ 10 മടങ്ങിന് തുല്യമായ തുക അവര്‍ക്ക് തിരിച്ച് ലഭിക്കും. അതല്ല കാലാവധിക്ക് മുമ്പ് തന്നെ ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ അടച്ച പ്രീമിയം മുഴുവനും നഷ്ടപ്പെടും. 

ഒരു ഇന്‍ഷുറന്‍സ് കാലാവധി അഞ്ച് വര്‍ഷമാണ്. ഒരോ വര്‍ഷവും പ്രീമിയം അടയ്ക്കണമെന്നും വീഡിയോയില്‍ വിശദീകരിക്കുന്നു. കമ്പനിയുടെ വെബ്സൈറ്റില്‍ മൂന്ന് ഇന്‍ഷുറന്‍സ് പോളിസികളാണ് നല്‍കിയിരിക്കുന്നത്. 10,000 രൂപ വച്ച് അഞ്ച് വര്‍ഷം അടയ്ക്കാവുന്ന 50,000 രൂപയുടെ പോളിസി. ഈ പോളിസി പ്രകാരം അഞ്ച് വര്‍ഷത്തിന് ശേഷവും നിങ്ങളുടെ ബന്ധം തുടരുകയാണെങ്കില്‍ അഞ്ച് ലക്ഷമാണ് ലഭിക്കുക. രണ്ടാമത്തേത് 25,000 രൂപയുടെ 1,25,000 ന്‍റെ പോളിസി. ഈ പോളിസി പ്രകാരം 12,50,000 രൂപ അഞ്ച് വര്‍ഷം കഴിഞ്ഞ് ലഭിക്കും. മൂന്നാമത്തേത് 50,000 രൂപ അടവ് വരുന്ന 2,50,000 ത്തിന്‍റെ പോളിസി. ഈ പോളിസി പ്രകാരം അഞ്ച് വര്‍ഷമായി ബന്ധം തുടരുന്ന പ്രണയിനികൾക്ക് 25 ലക്ഷം രൂപയാണ് ലഭിക്കുക. സംഗതി ഏന്തായാലും ഏപ്രില്‍ ഒന്നാം തിയതി പങ്കുവയ്ക്കപ്പെട്ട വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കൾ ഏറ്റെടുത്തു.

  • Share This Article
Drisya TV | Malayalam News