Drisya TV | Malayalam News

റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടവരിൽ മൂന്ന് മലയാളികളും

 Web Desk    25 Nov 2026

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടവരിൽ മൂന്ന് മലയാളികളും. ആകെ ആറ് ഇന്ത്യക്കാരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കണ്ണൂര്‍ തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26), കാസര്‍കോട് അറ്റങ്ങനം പാറക്കല്‍ വീട്ടില്‍ അഷ്റഫ് കൊളങ്ങരടി (53), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് (29), ആന്ധ്ര സ്വദേശി വിനോദ് കുമാര്‍ (31), തമിഴ്നാട് സ്വദേശി ഗോവിന്ദ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ദുബൈയില്‍ താമസിച്ചിരുന്ന തലശ്ശേരി പന്ന്യന്നൂര്‍ സ്വദേശി സങ്കീര്‍ത്ത സുരേഷ്, പുതിയ ജോലിയില്‍ പ്രവേശിക്കാനായി ഒമാനില്‍ പോയി വിസമാറി തിരിച്ചു വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. കാസര്‍കോട് സ്വദേശി അഷ്റഫ് വര്‍ഷങ്ങളായി യുഎഇയില്‍ പ്രവാസിയാണ്. പുതിയ വിസയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് അഷ്റഫും ഹേമന്തും ഒമാനില്‍ പോയത്.റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ 13 പേരാണ് മരിച്ചത്. റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടവിവരം ലഭിച്ചയുടൻ പ്രത്യേക അടിയന്തര രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. ആംബുലൻസ് ജീവനക്കാർ, സിവിൽ ഡിഫൻസ് വിഭാഗം, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനത്തിനും അടിയന്തര വൈദ്യസഹായത്തിനും നേതൃത്വം നൽകിയിരുന്നു.

  • Share This Article
Drisya TV | Malayalam News