2027 ജനുവരി ഒന്ന് മുതൽ ഇന്ത്യൻ സന്ദർശകർക്ക് വിസ രഹിത പ്രവേശന സൗകര്യം പിൻവലിക്കുമെന്ന് മലേഷ്യ.വിസ നിർബന്ധമാക്കുമെന്നും ഡിസംബർ ഒന്നുമുതൽ അപേക്ഷകൾ നൽകാമെന്നും മലേഷ്യയിലെ ഇമിഗ്രേഷൻ വകുപ്പ് നവംബർ 17ന് പുറത്തിറക്കിയ നോട്ടീസിൽ അറിയിച്ചു.
കൊവിഡിന് ശേഷം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2023 ഡിസംബറിൽ വിസയിലെ ഇളവ് മലേഷ്യൻ സർക്കാർ ആരംഭിച്ചിരുന്നു. എന്നാൽ 30 ദിവസത്തെ വിസ രഹിത സൗകര്യം ഉപയോഗിച്ച് തൊഴിൽ തേടി മലേഷ്യയിലേക്ക് എത്തുന്ന പൗരന്മാരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് ക്വലാലംപൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അടുത്തിടെ മുന്നറിയിപ്പ് നൽകി.
ഇത് ഇമിഗ്രേഷൻ നയങ്ങളുടെ ലംഘനമാണെന്നും ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് 30 ദിവസം വരെ മലേഷ്യയിൽ തങ്ങാൻ അനുവദിക്കുന്ന വിസ രഹിത പ്രവേശന സൗകര്യം ടൂറിസത്തിനും സാമൂഹിക സന്ദർശനങ്ങൾക്കും മാത്രമേ അനുവദിച്ചിട്ടുള്ളൂയെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ പറഞ്ഞിരുന്നു.
2027 ജനുവരി മുതൽ മലേഷ്യയിലേക്ക് വരുന്ന ഇന്ത്യൻ പൗരന്മാർ സാധുവായ വിസയെടുക്കണം. ഇതിനായി 2026 ഡിസംബർ ഒന്ന് മുതൽ MyVISA പോർട്ടൽ വഴി അപേക്ഷിക്കാം,‘ മലേഷ്യയിലെ ഇമിഗ്രേഷൻ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങൾക്കും വിസ കർശനമാക്കി.
2026 സെപ്റ്റംബർ 22 ന് ക്വലാലംപൂരിലെ എച്ച്.സി.ഐ ഇന്ത്യ ലിമിറ്റഡ് എക്സ് പോസ്റ്റിലൂടെ ടൂറിസ്റ്റ് വിസയുടെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.തെറ്റായ ജോലി വാഗ്‌ദാനങ്ങൾ നൽകി നിരവധി ഇന്ത്യൻ പൗരന്മാരെ ഏജൻസികൾ വഴിതെറ്റിക്കുന്നുണ്ടെന്നും ഇത് കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നതിനും, നിയമവിരുദ്ധമായ താമസത്തിനും, ചൂഷണത്തിനും, നിയമനടപടികൾക്കും കാരണമാകുമെന്നും എച്ച്.സി.ഐ പറഞ്ഞു.