ലോകത്തെ നൂറ് പ്രമുഖ ഭൗമശാസ്ത്ര പൈതൃകകേന്ദ്രങ്ങളുടെ മൂന്നാം പട്ടികയിൽ മഹാരാഷ്ട്രയിലെ ലോണാർ തടാകവും. 12,000-ത്തോളം വർഷംമുൻപ് ബുൽധാന ജില്ലയിൽ ഉൽക്കാപതനത്തെത്തുടർന്ന് രൂപപ്പെട്ടതാണ് തടാകം. ഇന്റർനാഷണൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസസ് (ഐ.യു.ജി.എസ്.) പുറത്തിറക്കിയ ‘തേർഡ് 100 ഐ.യു.ജി.എസ്. ജിയോളജിക്കൽ ഹെറിറ്റേജ് സൈറ്റ്‌സ്’ പട്ടികയിലാണ് ഇത് ഉൾപ്പെട്ടത്. ഏകദേശം 1.88 കിലോമീറ്ററാണ് ഇതിന്റെ വ്യാസം.
ഭൂമിയുടെ ചരിത്രവും പരിണാമവും മനസ്സിലാക്കാൻ സഹായിക്കുന്ന ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഭൗമശാസ്ത്ര കേന്ദ്രങ്ങളാണ് ഈ പട്ടികയിൽ ഇടംപിടിക്കുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി.) പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 2022-ൽ സ്‌പെയിനിലെ സുമയയിൽ പ്രഖ്യാപിച്ച 100 കേന്ദ്രങ്ങളുടെയും 2024-ൽ ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന 37-ാ-മത് അന്താരാഷ്ട്ര ജിയോളജിക്കൽ കോൺഗ്രസിൽ പ്രഖ്യാപിച്ച 100 കേന്ദ്രങ്ങളുടെയും തുടർച്ചയായാണ് പുതിയ പട്ടിക തയ്യാറാക്കിയത്. 90 രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലധികം വിദഗ്ധരും 20 അന്താരാഷ്ട്ര സംഘടനകളും പട്ടിക തയ്യാറാക്കുന്നതിൽ പങ്കാളികളായി.