ചിന്നക്കനാൽ 301 കോളനിയിലെ ഓമനക്കുഴി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാന ചക്കക്കൊമ്പന് നേരെ വനംവകുപ്പിന്റെ ദൗത്യസംഘം ആദ്യ മയക്കുവെടി വെച്ചു. നേരത്തെ ചതുപ്പുനിലത്തിൽ നിലയുറപ്പിച്ചതിനാൽ മയക്കുവെടി വെക്കാൻ സാധിക്കാതിരുന്ന ആനയെ, പടക്കം പൊട്ടിച്ച് തുരത്തി അനുയോജ്യമായ സ്ഥലത്ത് എത്തിച്ച ശേഷമാണ് വെടിവെച്ചത്.
കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ദൗത്യസംഘം പൂർണസജ്ജമാണെന്നും അനുകൂലമായ സാഹചര്യം ലഭിക്കുന്ന മുറയ്ക്ക് മയക്കുവെടി വെക്കുമെന്നും റേഡിയോ കോളർ ധരിപ്പിക്കാൻ ഒരു മണിക്കൂറോളം സമയം വേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.ചിന്നക്കനാൽ മേഖലയിലെ ശല്യക്കാരനായ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ധരിപ്പിക്കാനായി വലിയ സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. അഞ്ച് വെറ്ററിനറി ഓഫീസർമാർ ഉൾപ്പെടെ 100 അംഗ ദൗത്യസംഘവും വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളുമാണ് ഈ ദൗത്യത്തിൽ അണിനിരന്നിരിക്കുന്നത്. ആനയെ മയക്കുവെടി വെച്ച് ശാന്തനാക്കിയ ശേഷം ആധുനിക ജി.പി.എസ്. റേഡിയോ കോളർ ഘടിപ്പിക്കാനാണ് പദ്ധതി.