ജമ്മു കശ്മീരിൽ സി.ആർ.പി.എഫ്. ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്. ബുധനാഴ്ച ഉച്ചയോടെ കുൽഗാം ജില്ലയിലെ മിർ ബസാറിന് സമീപമുള്ള അഖ്റാനിലാണ് ആക്രമണമുണ്ടായത്. ചെക്ക്പോസ്റ്റിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മൂന്ന് സി.ആർ.പി.എഫ്. ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഇവരെ അനന്ത്നാഗ് ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സി.ആർ.പി.എഫ്. പ്രസ്താവനയിൽ അറിയിച്ചു.ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികൾ സി.ആർ.പി.എഫ്. ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. വെടിവെപ്പിന് പിന്നാലെ ആക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.