Drisya TV | Malayalam News

കാലടിയിലെ സസ്പെൻഷൻ: വിമർശനവുമായി ഹൈക്കോടതി

 Web Desk    11 Nov 2026

കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ‘സസ്പെൻഡ് ചെയ്ത് 2 മാസം കഴിഞ്ഞിട്ടും അരിശം തീർന്നില്ലേ? രണ്ടു മാസം അവർ പുറത്തു നിന്നില്ലേ? ഇനി എന്ത് മാപ്പ്?’ –കോടതി ചോദിച്ചു. അവർ ചെയ്ത കാര്യങ്ങളെ ന്യായീകരിക്കുകയല്ലെന്നും പക്ഷേ കുട്ടികളാണെന്ന് ഓർക്കണമെന്നും കോടതി പറഞ്ഞു.

വിദ്യാർഥികളായിരിക്കുമ്പോൾ പ്രതിഷേധ പരിപാടികൾ നടത്താത്ത എത്ര രാഷ്ട്രീയക്കാരുണ്ടെന്നു ചോദിച്ച കോടതി, കേസിൽ എങ്ങനെ 2 എഫ്ഐആർ വന്നെന്ന് ആരാഞ്ഞു. ഈ വിഷയത്തിൽ സർവകലാശാല പരിഹാരം കാണാൻ ശ്രമിക്കണമെന്നും അല്ലെങ്കിൽ കോടതി കേസ് വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വാക്കാൽ പറഞ്ഞു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

സസ്പെൻഷൻ ചോദ്യം ചെയ്തുള്ള വിദ്യാർഥികളുടെ ഹർജിക്കൊപ്പം പരീക്ഷ എഴുതിക്കണമെന്ന ഉപഹർജിയും നൽകിയിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയെങ്കിലും സർവകലാശാലയും വി.സിയും നൽകിയ ഹർജിയിൽ ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കി. ഇതിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ച് ഹർജി പരിഗണിച്ച് തീർപ്പാക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദേശം. തുടർന്നാണ് ഇന്ന് സിംഗിൾ ബെഞ്ച് വീണ്ടും ഹർജി പരിഗണിച്ചത്.

കേസുമായി ബന്ധപ്പെട്ട് 2 എഫ്ഐആറുകൾ കോടതി പരിശോധിച്ചു. ഒരെണ്ണം സംഭവം നടന്ന ഓഗസ്റ്റ് 18നും മറ്റൊന്ന് വി.സിയുടെ പരാതിയിൽ 3 ദിവസം കഴിഞ്ഞിട്ടാണെന്നും കോടതി പരാമർശിച്ചു. ഒരു സംഭവത്തിൽ എങ്ങനെയാണ് രണ്ട് എഫ്ഐആറുകൾ എന്ന് കോടതി ചോദിച്ചു. അച്ചടക്കരാഹിത്യത്തിന് വിദ്യാർഥികളെ സെപ്റ്റംബർ ഒന്നിന് സസ്പെൻഡ് ചെയ്തു. അവരെ പരീക്ഷ എഴുതിച്ചില്ല. 60 ദിവസമായി അവർ സർവകലാശാലയ്ക്ക് പുറത്താണ്. ഇനി എന്താണ് വേണ്ടത്? എപ്പോഴാണ് അരിശം തീരുകയെന്നും കോടതി ചോദിച്ചു.

  • Share This Article
Drisya TV | Malayalam News