മദ്യപിച്ചു വാഹനമോടിച്ച് അപകടം ഉണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ ട്രാഫിക് നിയമലംഘനങ്ങളിൽ സർക്കാർ കടുത്ത നടപടികൾക്കൊരുങ്ങുന്നു.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഗതാഗതമന്ത്രി സി.പി.ജോണും ഇക്കാര്യത്തിൽ തത്വത്തിൽ ധാരണയിലെത്തി.ആവശ്യമെങ്കിൽ നിയമഭേദഗതി നടപ്പാക്കും.
മദ്യപിച്ചു വാഹനമോടിച്ചെന്നു തെളിഞ്ഞാൽ പരമാവധി 10,000 രൂപ വരെ പിഴയോ 6 മാസം വരെ തടവോ ആണ് ഇപ്പോഴത്തെ ശിക്ഷ. റോഡപകടങ്ങളുടെ കാര്യത്തിൽ പിഴയിൽ കൂടുതലുള്ള ശിക്ഷാനടപടികളിലേക്കു കേസ് പരിണമിക്കുന്നതു കുറവാണ്. ഇതിൽനിന്നുള്ള വലിയ മാറ്റമാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനാവശ്യമായ നിയമോപദേശം ഗതാഗതവകുപ്പ് തേടിയിരുന്നു. ലൈസൻസ് റദ്ദാക്കാൻ നിലവിൽ കോടതിക്കാണ് അധികാരം. മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവരുടെ ലൈസൻസ് ക്രിമിനൽ വിചാരണ പൂർത്തിയാകുന്നതിനു മുൻപു തന്നെ സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ ഉളള നടപടി സ്വീകരിക്കാമെന്നു ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. മദ്യവും ലഹരിമരുന്നും ഉപയോഗിച്ച ശേഷം വാഹനമോടിച്ചെന്നു സംശയിക്കുന്ന പതിനയ്യായിരത്തിലേറെ പേരെ 4 ദിവസത്തെ പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധന കർശനമായി തുടരാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.