Drisya TV | Malayalam News

നിയന്ത്രണരേഖയ്ക്കരികെ ഒരാഴ്ച നീളുന്ന സൈനികാഭ്യാസം പ്രഖ്യാപിച്ച് ഇന്ത്യന്‍ വ്യോമസേന

 Web Desk    11 Nov 2026

നിയന്ത്രണരേഖയ്ക്കരികെ ഒരാഴ്ച നീളുന്ന സൈനികാഭ്യാസം പ്രഖ്യാപിച്ച് ഇന്ത്യന്‍ വ്യോമസേന. ഇതിന്‍റെ ഭാഗമായി നവംബര്‍ 13 മുതല്‍ 21 വരെ പ്രദേശത്ത് നോട്ടാം പ്രഖ്യാപിച്ചു. വ്യോമസേനയുടെ മുന്‍നിര തന്നെയാകും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുക. യുദ്ധവിമാനങ്ങള്‍ ഒരാഴ്ച നീളുന്ന വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുമെന്നും സേന അറിയിച്ചു.

അതീവ ദുഷ്കരമായ ഹിമാലയന്‍ ഭൂപ്രക‍ൃതിയില്‍ യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും വഴക്കവും, കാഴ്ചയ്ക്കപ്പുറമുള്ള പോരാട്ട തന്ത്രങ്ങളും ഉയര്‍ന്ന ഉയരമേഖലകളിലെ എന്‍ജിന്‍റെ പ്രവര്‍ത്തനശേഷിയും സൈനികാഭ്യാസത്തില്‍ പരിശോധിക്കപ്പെടും. അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ടുകളിലെ തന്ത്രപരമായ നീക്കങ്ങള്‍, ദ്രുതഗതിയിലെ സൈനിക വിന്യാസം, താഴ്​വരകളിലെ സൈനിക കൈമാറ്റം എന്നിവ പരിശോധിക്കാനുള്ള വേദിയുമാകുമിത്.നിലവില്‍ വ്യോമാഭ്യാസം പ്രഖ്യാപിച്ചിരിക്കുന്ന മേഖലകള്‍ സാധാരണ സിവിലിയന്‍ വിമാനപാതകളെ ബാധിക്കാനിടയുള്ളതിനാല്‍ ഷെഡ്യൂളുകള്‍ ക്രമീകരിക്കാന്‍ വ്യോമസേന വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി വിമാനങ്ങളുടെ വൈകല്‍ ഒഴിവാക്കാനും കഴിയും.

  • Share This Article
Drisya TV | Malayalam News