Drisya TV | Malayalam News

ബാർ ലൈസൻസ് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം ഉണ്ടായേക്കുമെന്ന് എം. ലിജു

 Web Desk    2 Nov 2026

സംസ്ഥാനത്തെ ബാർ ലൈസൻസ് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം ഉണ്ടായേക്കുമെന്ന സൂചനനൽകി എക്സൈസ് മന്ത്രി എം. ലിജു. ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിനു പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി മന്ത്രിക്ക് വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകാനാണ് നീക്കം. നിലവിലെ സസ്പെൻഷൻ നടപടികൾ ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിനാണെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 10 മുതൽ 12 വർഷംവരെ അടഞ്ഞുകിടന്ന വൈൻ, ബിയർ പാർലറുകൾക്ക് അപേക്ഷനൽകി 24 മണിക്കൂറിനകം ബാർ ലൈസൻസ് അനുവദിച്ചതിൽ അസ്വാഭാവികതയുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കർശന നടപടി സ്വീകരിക്കും. ബാർ ലൈസൻസ് നൽകിയതിലെ ക്രമക്കേടുകൾ താൻ നേരിട്ടു നടത്തിയ ഇടപെടലിലൂടെയാണ് പുറത്തുകൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ അബ്‌കാരി ചട്ടപ്രകാരം 10 മാസം അടഞ്ഞുകിടന്നാൽ ബാർ ലൈസൻസ് റദ്ദാകും. എന്നാൽ, നിയമപഴുതുകൾ ഉപയോഗിച്ചാണ് വർഷങ്ങളായി അടഞ്ഞുകിടന്ന സ്ഥാപനങ്ങൾക്ക് അടിയന്തരമായി ലൈസൻസ് നൽകിയത്. ഇതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാവശ്യമായ ധൃതിയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തുണ്ടാക്കിയ നിയമങ്ങളുടെ പഴുതുകളുപയോഗിച്ചാണ് താഴെത്തട്ടിലെ ഉദ്യോഗസ്ഥർ എക്സൈസ് കമ്മിഷണറെയോ സർക്കാരിനെയോ അറിയിക്കാതെ ഇത്തരത്തിൽ തീരുമാനങ്ങളെടുത്തതെന്നും മന്ത്രി കുറ്റപ്പെടുത്തി.ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ബാർ ലൈസൻസ് അനുവദിക്കാനും പുതുക്കാനുമുള്ള അധികാരം നൽകിയ ചട്ടങ്ങൾ കഴിഞ്ഞ സർക്കാരാണ് ഭേദഗതി ചെയ്തത്. ഇത്തരത്തിൽ കഴിഞ്ഞ സർക്കാരുണ്ടാക്കിയ തെറ്റായ നിയമങ്ങൾ ഭേദഗതിചെയ്യും. സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ല.മുൻ സർക്കാർ കാണിച്ച തെറ്റായ രീതികൾ തുടരേണ്ട ബാധ്യത നിലവിലെ യു.ഡി.എഫ് സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News