Drisya TV | Malayalam News

കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും തടഞ്ഞുകൊണ്ടുള്ള വിവാദ സർക്കുലർ പിൻവലിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് 

 Web Desk    1 Nov 2026

കെ-ടെറ്റ്യോ ഗ്യതയില്ലാത്ത അധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും തടഞ്ഞുകൊണ്ട് പുറപ്പെടുവിച്ച വിവാദ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ പ്രൊമോഷനും പുതിയ നിയമനാംഗീകാരവും തടയുന്നത് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ അടങ്ങിയ സർക്കുലറായിരുന്നു കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നത്.കോടതിയുടെ കർശന നിർദ്ദേശപ്രകാരമാണ് ഉത്തരവെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നതെങ്കിലും, സർക്കുലർ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇടത് അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

എയ്ഡഡ് സ്കൂളുകളിൽ 2025 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട അധ്യാപകരെ പുറത്താക്കാനും, യോഗ്യതയില്ലാതെ പ്രൊമോഷൻ ലഭിച്ചവരെ യാതൊരു കാലതാമസവുമില്ലാതെ മാതൃ തസ്തികയിലേക്ക് റിവേർട്ട് ചെയ്യാനും സർക്കുലറിൽ നിർദ്ദേശമുണ്ടായിരുന്നു. കൂടാതെ 2025 ഒക്ടോബർ 29 മുതൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് പുതിയ നിയമനാംഗീകാരമോ സ്ഥാനക്കയറ്റമോ നൽകരുതെന്നും വ്യക്തമാക്കിയിരുന്നു.സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലിറക്കിയ ഈ തീരുമാനം ആയിരത്തോളം അധ്യാപകരെ നേരിട്ട് ബാധിക്കുമെന്നായിരുന്നു അധ്യാപക സംഘടനകളുടെ പരാതി. പ്രതിഷേധം ശക്തമായതോടെയാണ് മുൻ സർക്കുലർ പിൻവലിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. വിഷയത്തിൽ പുതിയ തീരുമാനം ഉടൻ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News