സാധനം എത്തിച്ചപ്പോൾ ലഭിച്ചതിൽ 10 രൂപയുടെ കീറിയ നോട്ട് സ്വീകരിക്കാൻ മടിച്ചതിന് മർദനമേറ്റ ഓൺലൈൻ ഡെലിവറി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ഡൽഹി ഈസ്റ്റ് വിനോദ് നഗറിലാണ് ഒക്ടോബർ 4ന് ഓൺലൈൻ ഡെലിവറി ജീവനക്കാരനായ സമീർ ഹുസൈന് മർദനമേറ്റത്. മനോവിഷമത്തിൽ ഒക്ടോബർ അഞ്ചിനു സമീർ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തുടർന്ന് ചികിത്സയിലായിരുന്ന സമീർ ചൊവ്വാഴ്ചയാണ് മരിച്ചത്.
ഡെലിവറി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡൽഹി പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. രാകേഷ് എന്ന ബണ്ടി (30), രാംപാൽ സിങ് (65) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മർദിച്ചതിനെ കുറിച്ച് വിശദീകരിച്ച് സമീർ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. മർദിച്ചതിനു പുറമേ ആത്മഹത്യാ പ്രേരണ കുറ്റവും പ്രതികൾക്ക് എതിരെ പൊലീസ് ചുമത്തി.