നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ പശ്ചിമ ബംഗാളിൽ നികുതി രഹിതമാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ സെൻട്രൽ പാർക്കിൽ നടന്ന ദസറ ആഘോഷങ്ങളിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ചിത്രത്തിലെ പ്രധാന താരങ്ങളായ രൺബീർ കപൂർ, യാഷ് എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തത്.‘രാമായണം സിനിമ നികുതി രഹിതമാക്കി. ദി കേരള സ്റ്റോറി, ദി കശ്മീർ ഫയൽസ്, ദി ബംഗാൾ ഫയൽസ് തുടങ്ങിയ സിനിമകൾക്കെല്ലാം നികുതി ഇളവ് നൽകിയിട്ടുണ്ട്, അതേ ഇളവ് രാമായണത്തിനും ബാധകമാകും. ഇന്ത്യൻ പുരാണങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമകളുടെ എണ്ണം വർധിക്കുന്നതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരും നാളുകളിൽ ശ്രീകൃഷ്ണനെയും അർജുനനെയും മഹാഭാരതത്തെയും കുറിച്ചുള്ള സിനിമകൾ നമ്മൾ കാണും’ അദ്ദേഹം പറഞ്ഞു. നിർമാതാവ് നമിത് മൽഹോത്ര രാമായണ സിനിമാറ്റിക് യൂണിവേഴ്സ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. ഹനുമാനെ കേന്ദ്ര കഥാപാത്രമാക്കി സണ്ണി ഡിയോളിനെ നായകനാക്കി ഒരു സ്വതന്ത്ര ചിത്രം ഉൾപ്പെടെ നിരവധി സ്പിൻ-ഓഫ് ചിത്രങ്ങളാണ് ഈ യൂണിവേഴ്സിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
ശൂർപ്പണഖ, ജടായു, ഇന്ദ്രജിത്ത്, അംഗദൻ തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങളും പരമ്പരകളും ഇതിൽ ഉൾപ്പെടും. രൺബീർ കപൂർ ശ്രീരാമനായും സായി പല്ലവി സീതയായും യാഷ് രാവണനായും സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും എത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് ഒരുക്കുന്നത്.