സാധാരണയായി വിസ നിര്‍ബന്ധമുള്ള ഒമ്പത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഡെന്‍മാര്‍ക്കിലേക്ക് വിസ രഹിതമായി പ്രവേശനം അനുവദിച്ച് ഡാനിഷ് സര്‍ക്കാര്‍. ഔദ്യോഗികമായി പുതിയ ഇമിഗ്രേഷന്‍ നയം പുറത്തിറക്കിയതോടെയാണ് യാത്രക്കാര്‍ക്ക് ഈ വലിയ ഇളവ് ലഭിച്ചിരിക്കുന്നത്. കൈവശം കൃത്യമായ ബയോമെട്രിക് പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയ്ക്കായി അപേക്ഷിക്കാതെ തന്നെ ഡെന്‍മാര്‍ക്കില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന് ഡാനിഷ് ഇമ്മിഗ്രേഷന്‍ സര്‍വീസ് വ്യക്തമാക്കി.
ഡെന്‍മാര്‍ക്കിന്റെ ഔദ്യോഗിക വിവര പോര്‍ട്ടലായ 'newtodenmark.dk'-ല്‍ പ്രസിദ്ധീകരിച്ച പുതിയ അപ്ഡേറ്റിലാണ് ഈ നിര്‍ണായക വിവരമുള്ളത്. വിസ ആവശ്യമായി വരുന്ന രാജ്യങ്ങളുടെ വലിയൊരു പട്ടിക ഡെന്‍മാര്‍ക്കിനുണ്ടെങ്കിലും, അതില്‍ നിന്ന് ഒമ്പത് പ്രത്യേക രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബയോമെട്രിക് പാസ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. യൂറോപ്പ്, സെന്‍ട്രല്‍ ഏഷ്യ, വടക്കേ ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ നിന്നുള്ള രാജ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
അല്‍ബേനിയ, അര്‍മേനിയ, ബോസ്‌നിയ-ഹെര്‍സെഗോവിന, ജോര്‍ജിയ, കസാഖിസ്ഥാന്‍, കൊസോവോ, മോള്‍ഡോവ, മോണ്ടിനെഗ്രോ, വടക്കേ മാസിഡോണിയ എന്നീ ഒമ്പത് രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ബയോമെട്രിക് പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ വിസ രഹിത പ്രവേശനം ലഭ്യമാകുന്നത്. അതത് രാജ്യങ്ങള്‍ ബയോമെട്രിക് പാസ്പോര്‍ട്ടുകള്‍ ഇഷ്യൂ ചെയ്യാന്‍ തുടങ്ങിയ തീയതി മുതല്‍ ഉള്ള പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. ഉദാഹരണത്തിന് അല്‍ബേനിയയില്‍ 2010 മെയ് മാസത്തിന് ശേഷവും, ബോസ്‌നിയയില്‍ 2009 ഒക്ടോബറിന് ശേഷവും നല്‍കിയ പാസ്പോര്‍ട്ടുകള്‍ ഇതിനായി പരിഗണിക്കും.
ജോര്‍ജിയയുടെ കാര്യത്തില്‍ 2014 ജൂലൈ 28 മുതല്‍ നല്‍കിയ എല്ലാ പാസ്പോര്‍ട്ടുകളും ബയോമെട്രിക് ആണ്. എന്നാല്‍ ഡിപ്ലോമാറ്റിക്, സര്‍വീസ് അല്ലെങ്കില്‍ ഔദ്യോഗിക സ്‌പെഷ്യല്‍ പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ഈ ഇളവ് ബാധകമല്ലെന്നും ഡാനിഷ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ടുണീഷ്യ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഡെന്‍മാര്‍ക്കിന്റെ വിസ നിയമപ്രകാരം സമാനമായ ബയോമെട്രിക് പാസ്പോര്‍ട്ട് ഇളവുകള്‍ ലഭ്യമാണ്.