അന്താരാഷ്ട്ര യാത്രക്കാർക്ക് വിദേശരാജ്യങ്ങളിലും തടസ്സമില്ലാതെ മൊബൈൽ ഡാറ്റയും വോയ്‌സ് സേവനങ്ങളും ലഭ്യമാക്കുന്നതിനായി എയർ ഇന്ത്യ ‘ഈസിറോം’ ) എന്ന പേരിൽ പുതിയ രാജ്യാന്തര യാത്രാ സിം സേവനം ആരംഭിച്ചു. ടാറ്റ കമ്മ്യൂണിക്കേഷൻസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദേശത്ത് വിമാനമിറങ്ങിയ ശേഷം പ്രാദേശിക സിം കാർഡുകൾക്കായി അലയുന്ന പ്രയാസം ഒഴിവാക്കാൻ ഇത് യാത്രക്കാരെ സഹായിക്കും.
എയർ ഇന്ത്യയുടെ പ്രത്യേക വെബ്‌പേജ് വഴി ഫിസിക്കൽ സിം ആയോ ഇ-സിം ആയോ ഈ സേവനം സ്വന്തമാക്കാം. ആരംഭ ഘട്ടത്തിൽ ഈസിറോം സിം കാർഡ് പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്. എന്നാൽ യാത്രക്കാർ തെരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര റോമിംഗ് പാക്കുകൾക്ക് പണം നൽകേണ്ടതുണ്ട്.
റോമിങ് പാക്കുകൾ 241 രൂപ മുതലാണ് ആരംഭിക്കുന്നത് (നികുതികൾ പുറമെ). തിരഞ്ഞെടുക്കുന്ന രാജ്യത്തിനും പ്ലാനിനും അനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ടാകും. ഡാറ്റ പ്ലാൻ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു ജി.ബി വരെ സൗജന്യമായി അധിക ഡാറ്റയും ലഭിക്കും. എന്നാൽ മാലദ്വീപ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളിൽ ഈ അധിക ഡാറ്റ ആനുകൂല്യം ലഭ്യമാകില്ല.
നിലവിൽ വടക്കേ അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ 30 രാജ്യങ്ങളിലാണ് ഈസിറോം ലഭ്യമാക്കിയിട്ടുള്ളത്. ഭാവിയിൽ ഇത് 190 രാജ്യങ്ങളിലേക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കും.യാത്രക്കാർക്ക് പ്രത്യേക രാജ്യങ്ങളിലേക്കുള്ള പ്ലാനുകളോ ആഗോള പ്ലാനുകളോ തെരഞ്ഞെടുക്കാം. ഇവയിൽ ഡാറ്റ മാത്രം നൽകുന്ന പ്ലാനുകളും, ഡാറ്റയും വോയ്സും അടങ്ങുന്ന പ്ലാനുകളും ലഭ്യമാണ്.
ഡാറ്റ ഉപയോഗം കൃത്യമായി നിരീക്ഷിക്കാനും റോമിങ് ചെലവുകൾ നിയന്ത്രിക്കാനും സഹായിക്കുന്ന അലേർട്ടുകളും നോട്ടിഫിക്കേഷനുകളും ഇതിലുണ്ട്.തുച്ഛമായ തുക നൽകി ഉപഭോക്താക്കൾക്ക് തങ്ങളുടെ നിലവിലുള്ള നമ്പർ ഒരു വർഷം വരെ നിലനിർത്താം. ലോകമെമ്പാടുമുള്ള 600-ലധികം മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുമായുള്ള ടാറ്റ കമ്മ്യൂണിക്കേഷൻസിന്റെ പങ്കാളിത്തമാണ് മികച്ച കണക്റ്റിവിറ്റി ഉറപ്പുനൽകുന്നത്. നിലവിൽ എയർ ഇന്ത്യ വെബ്‌സൈറ്റ് വഴി ലഭ്യമായ ഈ സേവനം ഉടൻ തന്നെ എയർ ഇന്ത്യ മൊബൈൽ ആപ്പിലും ലഭ്യമാക്കും.
‘ഇന്നത്തെ യാത്രക്കാർ തടസ്സമില്ലാത്തതും സുരക്ഷിതവുമായ യാത്രാനുഭവമാണ് ആഗ്രഹിക്കുന്നത്. എയർ ഇന്ത്യയുമായുള്ള ഈ പങ്കാളിത്തത്തിലൂടെ ടിക്കറ്റ് ബുക്കിങ് വേളയിൽ തന്നെ സിം പ്ലാനുകൾ തിരഞ്ഞെടുക്കാനും വിമാനമിറങ്ങുന്ന നിമിഷം മുതൽ ഓൺലൈനാകാനും യാത്രക്കാർക്ക് സാധിക്കുന്നു’- ടാറ്റ കമ്മ്യൂണിക്കേഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിവേക് മംഗ്ലിക് പറഞ്ഞു.
അതിർത്തികൾ കടന്ന് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുകയാണ് ഈസിറോമിലൂടെ എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. ടാറ്റ കമ്മ്യൂണിക്കേഷൻസുമായി ചേർന്ന് യാത്ര കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമാണിതെന്ന് എയർ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ നിപുൺ അഗർവാളും പറഞ്ഞു.