Drisya TV | Malayalam News

സ്പാ പീഡനം: കോർപറേഷൻ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റിൽ

 Web Desk    20 Oct 2026

കോവളത്തെ സ്പാ പീഡനവുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളൂര്‍ സോണല്‍ ഓഫിസിലെ ഉദ്യോഗസ്ഥനായ അനുരൂപിനെ, അറസ്റ്റിനു പിന്നാലെ മേയര്‍ വി.വി.രാജേഷ് സസ്‌പെന്‍ഡ് ചെയ്തു. പതിനാറുകാരിയായ ആന്ധ്രാ സ്വദേശിനി പീഡനത്തിനിരയായ കോവളത്തെ ഡ്രീംസ് എന്ന സ്പായുടെ യഥാര്‍ഥ ഉടമ അനുരൂപാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

സ്പായുടെ നടത്തിപ്പുകാരനായ നിഷാന്തിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സ്പായിലെ പണം പോകുന്നതു മറ്റൊരു അക്കൗണ്ടിലേക്കാണെന്നു കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണമാണ് അനുരൂപിലേക്ക് എത്തിച്ചത്. അനുരൂപിന്റെ ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അനുരൂപിന്റെ ബെനാമിയായാണ് നിഷാന്ത് സ്പാ നടത്തിയിരുന്നതെന്നാണു പൊലീസിന്റെ നിഗമനം. പ്രതിദിനം 25,000 രൂപ വരെ സ്പായില്‍നിന്ന് അനുരൂപിന്റെ അക്കൗണ്ടിലേക്ക് എത്തിയിരുന്നുവെന്നു പൊലീസ് കണ്ടെത്തി.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഇന്ന് സ്പായില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. കോവളം പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് ഗുഡുവാഞ്ചേരി പൊലീസും കേസെടുത്തിട്ടുണ്ട്. ഇവിടെയുള്ള സ്പായില്‍ വച്ചും ലൈംഗികചൂഷണം നടന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്. തമിഴ്‌നാട് പൊലീസ് വരും ദിവസങ്ങളില്‍ കോവളത്ത് എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. കേരളാ പൊലീസിന്റെ പ്രത്യേക സംഘം ഉടന്‍ തന്നെ ബെംഗളൂരുവിലും ആന്ധ്രയിലെ പെണ്‍കുട്ടിയുടെ സ്ഥലത്തും എത്തി വിവരങ്ങള്‍ ശേഖരിക്കും.

  • Share This Article
Drisya TV | Malayalam News