ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന വിമാനത്തിലെ ആക്രമണസംഭവങ്ങൾക്ക് പിന്നാലെ ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെച്ച് ഫ്ളൈ ദുബായ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി പ്രസ്‌താവനയിൽ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ബന്ധപ്പെട്ട ഏജൻസികളുടെ നേതൃത്വത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി.
പ്രതിസന്ധി ഘട്ടത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിച്ച ജീവനക്കാർക്കും യാത്രക്കാർക്കും, അടിയന്തര സഹായം നൽകിയ സൗദി, യു.എ.ഇ അധികൃതർക്കും ഫ്ളൈ ദുബായ് സി.ഇ.ഒ ഗൈത് അൽ ഗൈത് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.ദുബായിയിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന FZ 1073 വിമാനത്തിലാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്. സഹപൈലറ്റിന്റെ ആക്രമണത്തിൽ സ്മിത് മച്ഛാർ എന്ന ഇന്ത്യൻ പൗരനായ ക്യാപ്റ്റന് ഗുരുതരമായ പരിക്കേറ്റിരുന്നു. ക്യാപ്റ്റൻ നിലവിൽ യു.എ.ഇയിൽ ചികിത്സയിലാണ്. ആക്രമണത്തിന് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.