ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റാനുള്ള തീരുമാനത്തിനായി ഇനിയും ബസുടമകള്‍ക്ക് കാത്തിരിക്കണം. ഈ മാസം 13ന് ചേരാനിരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം വിഷയം പരിഗണിക്കാനിരുന്നെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് ബസുടമകളാണ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയത്.
അതിനാല്‍ ഇനി കളര്‍ കോഡ് വിഷയം അജണ്ടയായി യോഗത്തില്‍ ഉള്‍പ്പെടുത്താനാവില്ല. തീരുമാനം ഉടന്‍ ഉണ്ടാവുമെന്ന് കരുതി നിറം മാറ്റിയ 200ഓളം ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറക്കാനാവാതെ വെറുതെ കിടക്കുകയാണ്. ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റുന്നതില്‍ തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയോട് എടുക്കാനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നത്.
ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡില്‍ ഇനി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. വിവിധ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനം എടുക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. 2024ല്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം കൊണ്ടുവന്നിരുന്നു. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറവും ഡ്രൈവിങ് സ്‌കൂളുകളിലെ വാഹനത്തിന്റെ മുന്നിലും പിന്നിലും മഞ്ഞനിറവും നല്‍കാനായിരുന്നു ഉത്തരവ്.