Drisya TV | Malayalam News

കെ.എസ്.ആർ.ടി.സി ടിക്കറ്റ് റിസർവേഷനിലും ഇനി വെയിറ്റിങ് ലിസ്റ്റ് സംവിധാനം ഏർപ്പെടുത്തുന്നു

 Web Desk    23 Sep 2026

ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി കെ.എസ്.ആർ.ടി.സി ടിക്കറ്റ് റിസർവേഷനിലും ഇനി വെയിറ്റിങ് ലിസ്റ്റ് സംവിധാനം ഏർപ്പെടുത്തുന്നു. ബജറ്റ് ടൂറിസം സെല്ലിനായി തയ്യാറാക്കിയ പുതിയ സോഫ്റ്റ്‌വെയറിന്റെയും വെയിറ്റിങ് ലിസ്റ്റ് സംവിധാനത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ നിർവഹിച്ചു. തമ്പാനൂരിൽ നടന്ന ചടങ്ങിലാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്.

പുതിയ സോഫ്റ്റ്‌വെയർ നിലവിൽ വന്നതോടെ യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈൻ വഴി എളുപ്പത്തിൽ ബുക്ക് ചെയ്യാനാകും. സീറ്റുകൾ പൂർണ്ണമായി ബുക്ക് ചെയ്യപ്പെട്ടാലും റെയിൽവേ മാതൃകയിൽ വെയിറ്റിങ് ലിസ്റ്റ് സൗകര്യം ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

കെ.എസ്.ആർ.ടി.സിയുടെ കീഴിൽ പുതിയ 'ടൂറിസം ഡിവിഷൻ' ആരംഭിക്കുകയാണെന്നും, 'ഭാരത് ദർശൻ' യാത്രകൾ തുടങ്ങുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ ലീസിന് നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ട് ബസുകൾ തിരുവനന്തപുരം ജില്ലയ്ക്ക് സംഭാവന ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ജലഗതാഗത വകുപ്പിനെയും കെ.എസ്.ആർ.ടി.സിയെയും സംയോജിപ്പിച്ച് പ്രവർത്തിപ്പിക്കും. സിയാലിൽ നിന്ന് വാടകയ്ക്കെടുക്കുന്ന സോളാർ ബോട്ടുകൾ ഉപയോഗിച്ച് സെപ്റ്റംബർ 30 മുതൽ പാർവതി പുത്തനാറിൽ ബോട്ടിംഗ് സർവീസ് ആരംഭിക്കും. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കുനീക്കത്തിൽ പങ്കാളിയാകുന്നതിനായി ട്രക്കുകൾ വാടകയ്ക്കെടുക്കാനുള്ള ചർച്ചകൾ കെ.എസ്.ആർ.ടി.സി ആരംഭിച്ചു.

ചടങ്ങിൽ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളുടെ ഉദ്ഘാടനവും നടന്നു. ഹൈദരാബാദിലേക്ക് മൂന്ന് പകലും രണ്ട് രാത്രിയും, രണ്ട് പകലും ഒരു രാത്രിയും അടങ്ങുന്ന രണ്ട് പാക്കേജുകളാണുള്ളത്. താമസം, ഭക്ഷണം, പ്രവേശന ഫീസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൊച്ചിയിൽ നിന്ന് വിമാനമാർഗം അഗത്തി, കൽപ്പിട്ടി ദ്വീപുകൾ സന്ദർശിക്കുന്ന ലക്ഷദ്വീപ് പാക്കേജ് സാധാരണക്കാരുടെ ബജറ്റിൽ ഒതുങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ലക്ഷദ്വീപ് യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാർക്കും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കും മന്ത്രി ഉപഹാരം സമ്മാനിച്ചു.

  • Share This Article
Drisya TV | Malayalam News