ചരിത്രത്തിലാദ്യമായി സ്വയം പറക്കുന്ന യാത്രാവിമാനം (സെൽഫ് ഫ്ളൈയിങ് എയർപ്ലെയ്ൻ) യു.എസിൽ 3199 മൈൽ (4988.97 കിലോ മീറ്റർ) പറന്നു.എയ്റോസ്പേസ് കമ്പനിയായ ജോബി ഏവിയേഷന്റെ സിംഗിൾ എൻജിൻ സെസ്ന 208ബി ഗ്രാൻഡ് കാരവനാണ് പൈലറ്റില്ലാതെ ഭൂഖണ്ഡാന്തര യാത്ര പൂർത്തിയാക്കിയത്. ഇതിനായി ജോബി വികസിപ്പിച്ച പ്രത്യേക ഓട്ടോണമസ് ഫ്ലൈറ്റ് സാങ്കേതികവിദ്യ വിമാനത്തിൽ ഘടിപ്പിച്ചിരുന്നു.ആളില്ലാ വിമാനമെന്ന് സാധാരണ പറയാറുള്ള വിമാനങ്ങൾ പോലെ ദൂരെനിന്ന് നിയന്ത്രിക്കുന്ന തരം വിമാനമല്ല ഇത്. റൺവേ ടാക്‌സിങ് മുതൽ ടേക്ക്ഓഫ്, ലാൻഡിങ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് സ്വയം തീരുമാനമെടുത്ത് സ്വയം നിയന്ത്രിച്ച് പറക്കാൻ ഇതിനാവും.
സെപ്റ്റംബർ 7-നാണ് ഈ വിമാനം കാലിഫോർണിയയിലെ കോൺകോർഡിൽനിന്ന് പുറപ്പെട്ട് നോർത്ത് കരോലിനയിലെ ഔട്ടർ ബാങ്ക്സ് വരെ യാത്ര നടത്തിയത്. എന്നാൽ, ഇത് ലക്ഷ്യസ്ഥാനത്തേക്ക് മുൻകൂട്ടി തയ്യാറാക്കിയത് പോലെ നിർത്താതെ പറക്കുകയായിരുന്നില്ല. പരീക്ഷണപ്പറക്കലിനിടയിൽ വിവിധ വിമാനത്താവളങ്ങളിലും എയർഫോഴ്സ് ബേസുകളിലും ഇറങ്ങിയിരുന്നു. വിവിധ പ്രാദേശിക പരിതസ്ഥിതികളിലൂടെ പല ഘട്ടങ്ങളായുള്ള യാത്രയാണ് വിമാനം നടത്തിയത്.
ടെക്സസിലെ ഫോർത്ത് വർത്തിലുള്ള അലയൻസ് വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്‌തിരുന്നു. സൗത്ത് കരോലിനയിലെ ഷാ എയർഫോഴ്സ് ബേസിലും വിമാനം ഇറങ്ങിയിരുന്നു. 1903-ൽ വിൽബർ റൈറ്റും ഓർവിൽ റൈറ്റും ചേർന്ന് ചരിത്രപരമായ ആദ്യ പറക്കൽ നടത്തിയ സ്ഥലത്തെ ആദരിച്ച് നോർത്ത് കരോലിനയിലെ കിറ്റി ഹോക്കിലുള്ള റൈറ്റ്ബ്രദേഴ്സ് നാഷണൽ മെമ്മോറിയലിന് മുകളിലൂടെ പറന്നശേഷമാണ് ഈ യാത്ര മുന്നോട്ടുപോയത്. കൂടാതെ, ഫീനിക്സ് ഡീർ വാലി വിമാനത്താവളം പോലുള്ള ഉയർന്ന സാന്ദ്രതയുള്ളതും തിരക്കേറിയതുമായ ജനറൽ ഏവിയേഷൻ വിമാനത്താവളങ്ങളുടെ പരിസരങ്ങളിലൂടെയും ഈ വിമാനം കടന്നുപോയിട്ടുണ്ട്.
മറ്റ് സാധാരണ വിമാനങ്ങളിലും ഈ പൈലറ്റില്ലാ സാങ്കേതികവിദ്യ വിജയകരമായി പ്രവർത്തിപ്പിക്കാനാവുമെന്ന് തെളിയിക്കാൻ ഈ പരീക്ഷണത്തിലൂടെ കമ്പനിക്ക് സാധിച്ചു. ഇതിനായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ്റെ (FAA) പ്രത്യേക അനുമതിയും ലഭിച്ചു. പ്രധാന ഫ്ലൈറ്റ് കൺട്രോൾ സംവിധാനങ്ങൾക്ക് പുറമേ, റഡാർ, ക്യാമറകൾ, ലിഡാർ, തടസ്സങ്ങൾ സ്വയം മറികടന്ന് പറക്കാനുള്ള സോഫ്റ്റ്വെയർ, തത്സമയ കാലാവസ്ഥാ നിരീക്ഷണ സംവിധാനം എന്നിവയും ഈ പ്രത്യേക വിമാനത്തിൽ സജ്ജീകരിച്ചിരുന്നു.