Drisya TV | Malayalam News

ബ്രീത്ത് അനലൈസർ ടെസ്റ്റ് സമയപരിധി പാലിച്ചില്ല,എയർ ഇന്ത്യ എക്സ്പ്രസിലെ എട്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

 Web Desk    18 Sep 2026

ബ്രീത്ത് അനലൈസർ ടെസ്റ്റ് സമയപരിധി പാലിക്കാത്തതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസിലെ എട്ട് ജീവനക്കാരെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. നാല് പൈലറ്റുമാരും നാല് കാബിൻ ക്രൂ അംഗങ്ങളുമാണ് നടപടി നേരിടുന്നത്.

ആഗസ്റ്റ് 2നാണ് സംഭവം. ദുബായിൽ നിന്നുള്ള AX-192 വിമാനം രാവിലെ 9:50ന് അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷമായിരുന്നു നടപടി. ഡി.ജി.സി.എ ചട്ടങ്ങൾ അനുസരിച്ച്, ഇന്ത്യൻ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന ജീവനക്കാർ ഇന്ത്യയിൽ വിമാനമിറങ്ങി രണ്ട് മണിക്കൂറിനുള്ളിൽ നിർബന്ധമായും ആൽക്കഹോൾ പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ എട്ടംഗ സംഘം വിമാനം ലാൻഡ് ചെയ്ത് 2 മണിക്കൂറും 35 മിനിറ്റും കഴിഞ്ഞ ശേഷമാണ് പരിശോധനക്കായി തിരിച്ചെത്തിയത്. എട്ടുപേരുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നു.

വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഒരു ജീവനക്കാരന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ തങ്ങൾക്ക് അനുവദിച്ച ഹോട്ടലിലേക്ക് പോവുകയായിരുന്നു. പിന്നീടാണ് ബ്രീത്ത് അനലൈസർ പരിശോധനക്കായി വിമാനത്താവളത്തിലേക്ക് തിരികെ എത്തിയത്. അപ്പോഴേക്കും നിർദ്ദിഷ്ട സമയപരിധിയേക്കാൾ 35 മിനിറ്റ് വൈകിയിരുന്നു. തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഈ വീഴ്ച ഡി.ജി.സി.എയെ അറിയിക്കുകയും ചട്ടങ്ങൾ പാലിച്ചുകൊണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ഡി.ജി.സി.എ നിഷ്കർഷിക്കുന്ന നിയമങ്ങൾ അനുസരിച്ച് കമ്പനി ഇവരെ ഉടൻ തന്നെ ജോലിയിൽ നിന്ന് മാറ്റിനിർത്തുകയും മൂന്ന് മാസത്തെ സസ്‌പെൻഷനിൽ പ്രവേശിക്കുവാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

  • Share This Article
Drisya TV | Malayalam News