മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഡൽഹി കോണാട്ട് പ്ലേസിലെ മോറ്റ്സ് റസ്റ്ററന്റിൽ ഒരുക്കിയ ഉച്ചഭക്ഷണത്തിനു ശേഷം പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിലെ എംപിമാർ രാജ്ഘട്ടിലേക്ക് പോകും. മൂന്നു ബസ്സിലായാണ് എംപിമാരും നേതാക്കളും രാജ്ഘട്ടിലേക്ക് എത്തുന്നത്.
മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ കോണാട്ട് പ്ലേസിൽനിന്ന് രാജ്ഘട്ടിലേക്കുള്ള ബസ്സിൽ കയറി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി. കോണാട്ട് പ്ലേസിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ പൊലീസ് ബാരിക്കേഡ് നിരത്തിക്കഴിഞ്ഞു. മമത ബാനർജിയും ഇന്ത്യാസഖ്യത്തിന് പിന്തുണയുമായി ഡൽഹിയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.