മോട്ടോർ വാഹന വകുപ്പിന്റെ ഓട്ടോമാറ്റിക് ടെസ്റ്റിങിൽ വലഞ്ഞ, അതിസുരക്ഷ നമ്പർ ഇല്ലാത്ത പഴയ വാഹനങ്ങൾ എല്ലാ ദിവസവും സി.എഫ് ടെസ്റ്റ് നടത്താൻ നടപടിയായി. പുതിയ എ.ടി.എസ് പരിഷ്കാരത്തോടെ ജില്ലയിൽ ആയിരക്കണക്കിന് വാഹനങ്ങൾ സമയത്തിന് ടെസ്റ്റ് ചെയ്യാൻ ആകാത്തത് സംബന്ധിച്ച് കഴിഞ്ഞ രണ്ടിന് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. വാഹന ഉടമകൾക്ക് ആശ്വാസമായി എല്ലാ ദിവസവും അതാത് മേഖലകളിലെ ആർ.ടി ഓഫിസുകളിൽ സി.എഫ് ടെസ്റ്റിന് അധികൃതർ നടപടി സ്വീകരിച്ചു. നിലവിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് ടെസ്റ്റ് ഉള്ളത്.
ജില്ലയിൽ കരുനാഗപ്പള്ളിയിലും പൂയപ്പള്ളിയിലുമാണ് ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷനുകൾ ഉള്ളത്. ഓട്ടോമാറ്റിക് ടെസ്റ്റിന് സ്ലോട്ട് ബുക്ക് ചെയ്യാൻ അതിസുരക്ഷ നമ്പർ പ്ലേറ്റ് (എച്ച്.എസ്.ആർ.പി) ഉണ്ടെങ്കിലെ ടെസ്റ്റിങ് തീയതിയും സമയം കിട്ടുകയുള്ളു. അതിസുരക്ഷ നമ്പർ പ്ലേറ്റ് 2019 എപ്രിൽ ഒന്നിന് മുമ്പുള്ള വാഹനങ്ങൾക്ക് നിർബന്ധമായിരുന്നില്ല. ഇത്തരം വാഹനങ്ങൾ എ.ടി.എസ് ചെയ്യാൻ പ്രയാസമായതോടെ ആയിരക്കണക്കിന് വാഹനങ്ങൾ സമയത്തിന് സി.എഫ് ടെസ്റ്റ് ചെയ്യാനാകാതായി.