2027 ജനുവരി 1 മുതല്‍ രാജ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ 10% കോ-പേയ്മെന്റ് (Co-payment) നിര്‍ബന്ധമാക്കാന്‍ ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ (GIC) നീക്കം നടത്തുന്നു. ക്യാഷ്ലെസ് സൗകര്യമുള്ള പോളിസി ഉടമകള്‍ പോലും അംഗീകൃത ആശുപത്രി ബില്ലിന്റെ 10 ശതമാനം സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കേണ്ടി വരും. അനാവശ്യ ആശുപത്രി പരിശോധനകള്‍ തടയുന്നതിനും, ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ കുറയ്ക്കുന്നതിനുമാണ് ഈ പുതിയ മാറ്റം നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഉപഭോക്താവ് നല്‍കേണ്ട ഈ 10% തുക പരമാവധി 5 ലക്ഷം രൂപയായി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം.
ഉദാഹരണത്തിന്, ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിച്ച ക്ലെയിം തുക (Admissible claim) 4 ലക്ഷം രൂപയാണെങ്കില്‍ അതിന്റെ 10 ശതമാനമായ 40,000 രൂപ പോളിസി ഉടമ നല്‍കേണ്ടി വരും. ഇതുകഴിച്ച് ബാക്കി 3.6 ലക്ഷം രൂപയാകും കമ്പനി നല്‍കുക.റിപ്പോര്‍ട്ടുകള്‍ പ്രകാരം 2027 ജനുവരി 1 മുതല്‍ ഈ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ സര്‍ക്കാരോ, ബന്ധപ്പെട്ട വകുപ്പുകളോ ഇതുവരെ അന്തിര തീരുമാനം എടുത്തിട്ടില്ല. പ്രസ്തുത വിഷയത്തില്‍ ഒരു പുതിയ രൂപരേഖയ്ക്കായി നടപടികള്‍ തുടരുകയാണ്.
ഈ നിയമം വരുന്നതോടെ ക്യാഷ്ലെസ് ക്ലെയിമുകള്‍ക്കും, റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമുകള്‍ക്കും 10% കോ-പേയ്മെന്റ് ബാധകമാകും. അതായത് നിങ്ങളുടെ പക്കല്‍ ക്യാഷ്ലെസ് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ പോലും, ആശുപത്രി ബില്ലില്‍ കമ്പനി അംഗീകരിച്ച തുകയുടെ 10% നിങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ഇറക്കേണ്ടി വരും. ബാക്കി 90% ഇന്‍ഷുറന്‍സ് കമ്പനി നേരിട്ട് ആശുപത്രിക്ക് നല്‍കും. ഇതിനുപുറമെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത മറ്റ് ചെലവുകളും (Non-payable expenses/ consumables) ഉപഭോക്താവ് തന്നെ വഹിക്കേണ്ടി വരും.
ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ക്ലെയിം തുകയുടെ ഒരു ഭാഗം ഉപഭോക്താവ് കൂടി വഹിക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറയും. ഇത് വഴി പോളിസികള്‍ കുറഞ്ഞ പ്രീമിയത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കും.ആശുപത്രി ബില്ലിന്റെ ഒരു ഭാഗം സ്വന്തം പോക്കറ്റില്‍ നിന്ന് പോകുമെന്നതിനാല്‍ അനാവശ്യമായ മെഡിക്കല്‍ പരിശോധനകള്‍, ചികിത്സകള്‍, ഉയര്‍ന്ന ആശുപത്രി ബില്ലുകള്‍ എന്നിവ നിയന്ത്രിക്കാന്‍ സാധിക്കും.ക്ലെയിം തുകകള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നത് (Claim inflation) തടയാന്‍ ഇത് കമ്പനികളെ സഹായിക്കും. അതിനാല്‍ ഭാവിയില്‍ പ്രീമിയം തുകകള്‍ കുത്തനെ ഉയരില്ല.