Drisya TV | Malayalam News

1988ലെ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 105കാരനായ പ്രതിയുടെ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി 

 Web Desk    21 Aug 2026

1988ൽ നടന്ന കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ 105കാരനായ രസിക് ചന്ദ്ര മണ്ഡലിന്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു.നേരത്തെ സുപ്രീം കോടതി അനുവദിച്ച ജാമ്യം വെള്ളിയാഴ്ച അന്തിമമാക്കിയതോടെയാണ് ജയിൽ മോചിതനായത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്. ഹരജിക്കാരന്റെ പ്രായം പരിഗണിച്ച് കേസ് അവസാനിപ്പിക്കുകയാണെന്നും ശിക്ഷയിൽ ഇനി എന്തെങ്കിലും കാലാവധി ബാക്കിയുണ്ടെങ്കിൽ അതും ഒഴിവാക്കുകയാണെന്നും കോടതി വ്യക്തമാക്കി.

പശ്ചിമ ബംഗാൾ സ്വദേശിയായ രസിക് ചന്ദ്ര മണ്ഡൽ 1988ൽ നടന്ന കൊലപാതകക്കേസിൽ 1994ൽ ശിക്ഷിക്കപ്പെട്ടു. അന്ന് വയസ്സ് 68. തുടർന്ന് വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ അദ്ദേഹം 2024 നവംബർ 29 ന് സുപ്രീം കോടതി ജാമ്യം അനുവദിക്കുന്നതുവരെ ജയിലിൽ കിടന്നു.

2018ൽ കൊലപാതകക്കേസിൽ തന്റെ ശിക്ഷ ചോദ്യം ചെയ്ത്‌ മണ്ഡൽ സമർപ്പിച്ച അപ്പീൽ കൊൽക്കത്ത ഹൈകോടതി തള്ളിയിരുന്നു. തുടർന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവിടെയും ഹരജി തള്ളപ്പെട്ടു. 2020ൽ 99 വയസ്സുള്ളപ്പോൾ, പ്രായാധിക്യവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ശിക്ഷാകാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡൽ സുപ്രീം കോടതിയിൽ വീണ്ടും ഹരജി നൽകി. തുടർന്ന് സുപ്രീം കോടതി വിഷയത്തിൽ പശ്ചിമ ബംഗാൾ സർക്കാരിന് നോട്ടീസ് അയച്ചു.വെള്ളിയാഴ്ച കേസ് പരിഗണിച്ച സുപ്രീം കോടതി മണ്ഡലിൻ്റെ നിലവിലെ പ്രായം കണക്കിലെടുത്താണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ജീവപര്യന്തം ശിക്ഷയുടെ കാലാവധി പൂർണമായിട്ടില്ലെങ്കിലും മണ്ഡലിനെ ഇനി ജയിലിലേക്ക് തിരിച്ചയക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 2024ലെ ഇടക്കാല ജാമ്യ ഉത്തരവ് തന്നെ അന്തിമമാക്കുകയും ചെയ്തു.

  • Share This Article
Drisya TV | Malayalam News