കള്ളൻ വിജയൻ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നിന്ന് രാജിവെച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ കെആർ അജയൻ. രാജി അല്ലെങ്കിൽ നീണ്ട അവധി എടുക്കണം എന്ന പത്രാധിപസമിതിയുടെ കടുത്ത സമ്മർദ്ദത്തിനൊടുവിലാണ് അജയൻ ദേശാഭിമാനി വിടുന്നത്. സ്റ്റോറി കള്ളൻ വിജയൻ എന്ന തലക്കെട്ടിൻ്റെ പേരിലാണ് കെ ആർ അജയൻ ദേശാഭിമാനിയിൽ നിന്ന് രാജിവെക്കേണ്ടിവന്നത്. രാവിലെ ദേശാഭിമാനി ഓഫീസിലെത്തി ജനറൽ മാനേജർക്കാണ് രാജി നൽകിയത്. രാജി സ്വീകരിച്ച ദേശാഭിമാനി ആനുകൂല്യങ്ങൾ ഉടൻ നൽകാമെന്നും അറിയിച്ചതായാണ് വിവരം.
അജയനോട് റസിഡൻ്റ് എഡിറ്റർ നേരത്തെ വിശദീകരണം തേടിയിരുന്നു. കള്ളൻ വിജയൻ എന്ന തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്ന മറുപടിയാണ് വാരാന്തപ്പതിപ്പ് എഡിറ്റർ കെ ആർ അജയൻ നൽകിയത്. തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയാറാകാതെ മാധ്യമങ്ങൾക്ക് വിവരം ചോർത്തിയെന്ന് കാണിച്ചാണ് വാരാന്തപ്പതിപ്പ് എഡിറ്റർക്ക് റസിഡൻ്റ് എഡിറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ദേശാഭിമാനി മുക്കിയ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനം സാമൂഹിക മാധ്യമത്തിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകൻ പ്രസിദ്ധീകരിച്ചിരുന്നു. കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പിഒ എന്ന അതേ തലക്കെട്ടിൽ തന്നെയാണ് ദേശാഭിമാനിക്ക് വേണ്ടി എഴുതിയ ടിസി രാജേഷ് ലേഖനം ഫേസ് ബുക്കിലിട്ടത്. പുല്ലമ്പാറയിലെ അറിയപ്പെടുന്ന നാടകപ്രവർത്തകൻ വിജയനെ കുറിച്ചുള്ള ലേഖനത്തിൽ പാർട്ടി വിരുദ്ധമായതൊന്നുമില്ല. എഡിറ്റോറിയൽ ബോർഡിലെ ചിലർ തലക്കെട്ട് മാറ്റാനാവശ്യപ്പെട്ടതിൻ്റെ പേരിലെ തർക്കമാണ് സപ്ലിമെൻ്റ് മുടങ്ങലിലേക്ക് എത്തിയത്.