Drisya TV | Malayalam News

തത്കാല്‍ ടിക്കറ്റ് ബുക്കിങ് വേഗത്തിലാക്കാൻ റെയില്‍വേ പുതിയ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി

 Web Desk    7 Aug 2026

തത്കാല്‍ ടിക്കറ്റ് ബുക്കിങില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യന്‍ റെയില്‍വേ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഓണ്‍ലൈനായും റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും തത്കാല്‍ ബുക്കിങ് നടത്തുന്നവര്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമായിരിക്കും. തത്കാല്‍ ടിക്കറ്റ് ബുക്കിങ് വേഗത്തിലാക്കാനും സുതാര്യമാക്കാനും ലക്ഷ്യമിട്ടാണ് റെയില്‍വേയുടെ നടപടി.

തത്കാല്‍ ടിക്കറ്റുകള്‍ക്കായി റെയില്‍വേയുടെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പ് ഒഴിവാക്കാനായി റെയില്‍വേ പുതിയ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇനി മുതല്‍ യാത്രികര്‍ക്ക് നീണ്ട സമയം വരിയില്‍ നില്‍ക്കാതെ നിശ്ചിത സമയത്തിനുള്ള ടോക്കണ്‍ കൈപ്പറ്റിക്കൊണ്ട് നിശ്ചിത സമയത്തു തന്നെ ടിക്കറ്റ് സ്വന്തമാക്കാം. 

ഇനി മുതല്‍ ക്ലാസ് തരം തിരിച്ചാണ് റെയില്‍വേ ടിക്കറ്റുകളുടെ തത്ക്കാല്‍ ബുക്കിങിന് ടോക്കണ്‍ നല്‍കുക. എസി ക്ലാസിലെ തത്കാല്‍ ബുക്കിങിനുള്ള ടോക്കണ്‍ രാവിലെ എട്ടര മുതല്‍ ഒമ്പത് വരെയുള്ള സമയത്താണ് വിതരണം ചെയ്യുക. നോണ്‍ എസി ക്ലാസുകളിലേക്കുള്ള ടോക്കണ്‍ രാവിലെ ഒമ്പത് മുതല്‍ ഒമ്പതര വരെയുള്ള സമയത്ത് ലഭിക്കും. 

ആദ്യഘട്ടത്തില്‍ ഒരു കൗണ്ടറില്‍ എസി വിഭാഗത്തിന് 10 ടോക്കണുകളും നോണ്‍ എസി വിഭാഗത്തിന് 15 ടോക്കണുകളുമാണ് നല്‍കുക. സ്വന്തം ആവശ്യത്തിനും കുടുംബാംഗങ്ങള്‍ക്കുമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക്(കാറ്റഗറി എ) മുന്‍ഗണന ലഭിക്കും. ഇവരുടെ ബുക്കിങ് പൂര്‍ത്തിയായ ശേഷമേ മറ്റു ആവശ്യക്കാര്‍ക്കുള്ള(കാറ്റഗറി ബി) ടോക്കണുകള്‍ പരിഗണിക്കുകയുള്ളൂ. ഇത്തരത്തില്‍ ടോക്കണ്‍ എടുത്തവര്‍ക്ക് ടിക്കറ്റ് നല്‍കിയ ശേഷം സീറ്റുകള്‍ ബാക്കിയുണ്ടെങ്കില്‍ മാത്രമേ നേരിട്ടെത്തുന്നവര്‍ക്ക് തത്കാല്‍ ടിക്കറ്റ് ലഭിക്കാനുള്ള അവസരം ലഭിക്കൂ എന്ന കാര്യവും യാത്രികര്‍ പ്രത്യേകം ശ്രദ്ധിക്കണം. 

സ്വന്തം ആവശ്യത്തിനും കുടുംബാംഗങ്ങള്‍ക്കുമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ്(കാറ്റഗറി എ) മുന്‍ഗണന ലഭിക്കുക. മറ്റെല്ലാ യാത്രികരും കാറ്റഗറി ബിയിലാണ് പെടുക. കാറ്റഗറി ബിയിലെ യാത്രികര്‍ ആധാര്‍ കാര്‍ഡോ റെയില്‍വേ അംഗീകരിച്ച സാധുവായ മറ്റു ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കരുതണം.ഐആര്‍സിടിസി വെബ്‌സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ അധിഷ്ഠിത വെരിഫിക്കേഷന്‍ നിര്‍ബന്ധമായിരിക്കും. റജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി നല്‍കിയാല്‍ മാത്രമേ ബുക്കിങ് പൂര്‍ത്തിയാവൂ.

  • Share This Article
Drisya TV | Malayalam News