Drisya TV | Malayalam News

ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ പൈലറ്റിന്‍റെ ഡ്രഗ് ടെസ്റ്റ് പോസിറ്റീവ്

 Web Desk    9 Aug 2026

ഫുക്കറ്റിൽനിന്ന് ന്യൂഡൽഹിയിലേക്ക് സർവിസ് നടത്തുന്നതിനിടെ ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റിന്‍റെ ഡ്രഗ് ടെസ്റ്റ് പോസിറ്റീവ്. ലഹരി പരിശോധനയിൽ രണ്ട് പൈലറ്റുമാരിൽ ഒരാൾ പരാജയപ്പെട്ടതായാണ് റിപ്പോർട്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയിൽ നിന്ന് മാറ്റിയതായും അധികൃതർ അറിയിച്ചു.

സംഭവത്തിൽ രാജ്യത്തെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡി.ജി.സി.എ അന്വേഷണം നടത്തുകയാണ്. അന്വേഷണ ഫലം പരിഗണിച്ച ശേഷമായിരിക്കും കൂടുതൽ അന്വേഷണം ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുകയെന്നും ആവശ്യമെങ്കിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം വിമാനയാത്രക്ക് ശേഷം നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം പൈലറ്റുമാരിൽ ലഹരി പരിശോധന നടത്തിയതായി അറിയാമെന്നും പരിശോധനാ ഫലം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അതിനാൽ സംഭവത്തിൽ പ്രതികരിക്കാനാകില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

വ്യോമയാന ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി വിമാന ജീവനക്കാരിൽ എയർ ഇന്ത്യ സ്ഥിരമായി ലഹരി പരിശോധന നടത്താറുണ്ട്.പ്രത്യേക വിമാനയാത്രയുമായോ ഏതെങ്കിലും പ്രവർത്തനപരമായ സംഭവവുമായോ ബന്ധമില്ലാതെയും ഇത്തരം പരിശോധനകൾ നടത്താറുണ്ടെന്ന് കമ്പനി വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് അധികൃതരുമായി ആവശ്യമായ സഹകരണം തുടരുമെന്നും എയർ ഇന്ത്യ അറിയിച്ചു. ആഗസ്റ്റ് അഞ്ചിനാണ് ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് സർവിസ് നടത്തിയ എയർ ഇന്ത്യയുടെ എ320 വിമാനം എഐ2379 ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടത്. ഇതോടെ വിമാനം പെട്ടെന്ന് ഉയരുകയും താഴുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ നാല് കാബിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റിരുന്നു.

  • Share This Article
Drisya TV | Malayalam News